കാലാവസ്ഥാവ്യതിയാനം തകർത്ത 2022

കാലാവസ്ഥ വ്യതിയാനം മൂലമുളള അതിഭീകര നാശനഷ്ടങ്ങളുടെ കഥയാണ് 2022 പിന്നിടുമ്പോൾ നാം കേൾക്കുന്നത്. ലോകമാകെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനം കാരണമുള്ള നാശനഷ്ടങ്ങളുടെ ആകെ തുക 38.4 ബില്യൺ ഡോളറാണ്. ഈ കാര്യങ്ങൾ പൂർണ്ണമായും അറിയാമെങ്കിലും ലോക നേതാക്കൾ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാനോ അതിനാവശ്യമായ നടപടികൾ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. ചില ഉച്ച കോടികൾ നടക്കും. അവിടെ കുറെ വാദപ്രതിവാദങ്ങൾ നടക്കും എന്നതല്ലാതെ ലോകജനതയെ ഒന്നായി കണ്ട് ആവശ്യമായ നയങ്ങൾ നടപ്പിലാക്കാൻ ഒരു രാജ്യവും വേണ്ടത്ര നടപടികൾ കൈക്കൊണ്ടില്ലെന്നത് വേദനാജനകമാണ്.

2022 ജൂൺ, ആ​ഗസ്റ്റ് മാസങ്ങളിൽ യൂറോപ്പിനെ പൊള്ളിച്ചു കൊണ്ടാണ് താപനില 40 ഡി​ഗ്രിയിലേക്ക് ഉയർന്നത്. യൂറോപ്യൻ രാജ്യങ്ങളിലാകെ 16700 പേരാണ് ഉഷ്ണക്കാറ്റിന്റെ താണ്ഡവത്തിൽ മരിച്ചു വീണത്. യൂറോപ്യൻ കാടുകൾ കത്തിയമർന്നു. പല ന​ഗരങ്ങളിലും ശുദ്ധജലം ലഭിക്കാതെയായി. യൂറോപ്യൻ ജനതയ്ക്ക് ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥ വ്യതിയാനമാണ് അവിടെ സംഭവിച്ചത്. പക്ഷേ അതേക്കുറിച്ച് വേണ്ടത്ര ചർച്ചകൾ അവിടെ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 2022 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 243 ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ അരങ്ങേറി. ഉഷ്ണക്കാറ്റ്, ശീതക്കാറ്റ്,ന്യൂനമർദ്ദങ്ങൾ, ഇടിമിന്നൽ, കനത്ത മഴകൾ, അതേ തുടർന്നുള്ള വെള്ളപ്പൊക്കങ്ങൾ, വരൾച്ചകൾ, മണ്ണിടിച്ചിലുകൾ തുടങ്ങിയ എല്ലാ ദുരന്തങ്ങളും ഇന്ത്യയിലും നടന്നു. മദ്ധ്യപ്രദേശും ആസ്സാമും, ഹിമാചൽ പ്രദേശും ആണ് ഏറ്റവും അധികം ദുരന്തങ്ങൾ ഏറ്റുവാങ്ങിയത്.10 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണെന്നാണ് കേന്ദ്രസർക്കാർ പാർലെമെന്റിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞത്. ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത് കാർഷിക മേഖലയിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കർണ്ണാടകയുടെ കാർഷിക മേഖലയിൽ ഉണ്ടായ നഷ്ടം 50 ശതമാനത്തിന് മുകളിലാണ്.

എന്തുകൊണ്ടിങ്ങനെയെന്ന ചോദ്യത്തിനുള്ള ഫലപ്രദമായ ഉത്തരങ്ങൾ കണ്ടെത്തുക മാത്രമേ വഴിയുള്ളൂ. ദീർഘവീക്ഷണത്തോടെയുളള നയരൂപീകരണവും ആവശ്യമായ നടപടികളും ഉണ്ടായില്ലെങ്കിൽ 2023 ഉം ഇത്തരം ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരും.

ദിയാ നാരായൺ
സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് ലേഖിക

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular