ചെറുകിട ധാതു ഖനനം കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നം; അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്ന ഐ.ടി പരാമർശം

കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ലൂസ് ഷീറ്റുകളിൽ കോടിക്കണക്കിന് രൂപ വാങ്ങുന്ന ഭരണാധികാരികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും രാഷ്ട്രീയ നേതാക്കളുടേയും പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ, ഉമ്മൻചാണ്ടി എന്നീ പേരുകളും ഇതിൽ ഉൾപ്പെടുന്നു.

രാഷ്ട്രീയക്കാർക്കും അധികാരികൾക്കും മാധ്യമങ്ങൾക്കും കൈക്കൂലി നൽകിക്കൊണ്ട് കോർപ്പറേഷനുകൾ പാരിസ്ഥിതിക ആശങ്കകൾ മറച്ചുവെക്കുമെന്ന് ഇതുവരെ കേട്ടിരുന്നു. എന്നിരുന്നാലും, ഇപ്പോൾ കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) അംഗീകരിച്ച ആദായനികുതി ബോർഡ് സെറ്റിൽമെന്റ് ഓർഡർ, ഭരണകക്ഷിയും പ്രതിപക്ഷവും പോലീസും മാധ്യമങ്ങളും ഉൾപ്പെടുന്ന കേരളത്തിലെ ഒരു അവിശുദ്ധ കൂട്ടുകെട്ട് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി കേരളത്തിന്റെ പരിസ്ഥിതി സുരക്ഷയിൽ എങ്ങനെ വിട്ടുവീഴ്ച ചെയ്തുവെന്ന് ഞെട്ടിക്കുന്ന രീതിയിൽ തുറന്നുകാട്ടുന്നു.

രസകരമെന്നു പറയട്ടെ, സിഎംആർഎൽ അംഗീകരിച്ച സെറ്റിൽമെന്റ് ഓർഡറിൽ എല്ലാം വ്യക്തമാണ്. 2019ൽ ആദായനികുതി (ഐടി) ഉദ്യോഗസ്ഥർ സിഎംആർഎൽ ഓഫീസുകൾ, ഫാക്ടറികൾ, മാനേജിംഗ് ഡയറക്ടറുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വസതികൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തുകയും “ചെലവുകൾ പെരുപ്പിച്ചു കാണിക്കൽ, 1.72 കോടി രൂപയുടെ സോഫ്റ്റ് വെയർ ചെലവുകൾ പരിഗണിക്കാത്തത്, 2019-20 നൽകിയതും വെളിപ്പെടുത്താത്തതുമായ വരുമാനം” തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തു.

വ്യാജ ചെലവുകളിലായി ഏകദേശം 134 കോടി രൂപ ഐ. ടി ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർ നടപടിക്രമമായി, സെറ്റിൽമെന്റ് ബോർഡ് യോഗം ചേർന്നു, അവിടെ കമ്പനിയിൽ 27 വർഷമായി ജോലി ചെയ്യുന്ന സിഎംആർഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) കെ. എസ്. സുരേഷ് കുമാർ എല്ലാം തുറന്നു പറഞ്ഞു . അന്വേഷണോദ്യോ​ഗസ്ഥർ അവർ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ സുരേഷ് കുമാറിനെ ചോദ്യം ചെയ്തപ്പോൾ കമ്പനിയുടെ ബിസിനസ്സ് തടസ്സപ്പെടുത്തുന്നതിനോ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനോ നിരവധി ഭീഷണികൾ
പല കോണുകളിൽ നിന്നും ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമാക്കി.

“ഈ ഭീഷണികൾ മറികടക്കുന്നതിനും അവരുടെ സഹകരണം നേടുന്നതിനുമായി ഒന്നിലധികം വ്യക്തികൾക്കും മാധ്യമസ്ഥാപനങ്ങൾക്കും അനധികൃതമായി പണം നൽകുന്നുണ്ടെന്ന്” സുരേഷ് കുമാർ ഐ ടി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി . കമ്പനിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും മാധ്യമ സ്ഥാപനങ്ങളിലെയും പ്രവർത്തകർക്കും അംഗങ്ങൾക്കും പോലീസിനും പണം നൽകുന്നുണ്ടെന്നും സുരേഷ് കുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾനടന്നിട്ടുള്ളതായി ഐ. ടി. ഉത്തരവിൽ പറയുന്നുണ്ട് .

കൂടാതെ, ഖനനം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ (PSU ) നിന്നാണ് കമ്പനി ഇൽമെനൈറ്റ് വാങ്ങുന്നതെന്ന് സുരേഷ് കുമാർ പറഞ്ഞു. ഖനനം ഭീകരമായ പരിസ്ഥിതി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ പല പൗര പ്രമുഖരും പരിസ്ഥിതി സംഘടനകളും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. ചോദ്യങ്ങൾ ഉന്നയിക്കുകയും കോടതികളിലോ ദേശീയ ഹരിത ട്രൈബ്യൂണലിലോ പോലും പരാതികൾ രജിസ്റ്റർ ചെയ്യുകയും മാധ്യമങ്ങളിലൂടെ ഈ വിഷയം ഉയർത്തി കൊണ്ട് വരുകയും ചെയ്യുന്നുണ്ട്.
ഈ പ്രതിരോധത്തെ തകർക്കാൻ, സിഎംആർഎൽ നിരവധി വ്യക്തികൾക്കും സംഘടനകൾക്കും പണം നൽകിയിട്ടുണ്ട്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്. എൻ. ശശിധരൻ കാർത്തയുടെ ഉപദേശപ്രകാരം സിഎംആർഎൽ കാഷ്യർ കെ. എം. വാസുദേവൻ പണമടവുകളുടെ രേഖകൾ സൂക്ഷിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു. പിടിച്ചെടുത്ത രേഖകൾ യഥാർത്ഥത്തിൽ തന്റെ ഉത്തരവനുസരിച്ച് വിവിധ കക്ഷികൾക്ക് നൽകിയ പണമിടപാടുകളുടെ രേഖകളാണെന്ന് കർത്തയും സമ്മതിച്ചു.
പിടിച്ചെടുത്ത രേഖകളിലെ പി. വി., എ. ജി., ഒ. സി., കെ. കെ., ഐ. കെ., ആർ. സി. എന്നീ ചുരുക്കെഴുത്തുകൾ യഥാക്രമം പിണറായി വിജയൻ, എ. ഗോവിന്ദൻ, ഉമ്മൻചാണ്ടി, കുഞ്ഞാലി കുട്ടി, ഇബ്രാഹിം കുഞ്ഞ്, രമേഷ് ചെന്നിത്തല എന്നിവരെ സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

2004 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. 2016 മുതൽ പിണറായിവിജയനും. 2016നും 2021നും ഇടയിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. ഒരു പാർലമെന്റേറിയനും മന്ത്രിയും കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ നിന്നുള്ള നിയമസഭാംഗവുമാണ് കുഞ്ഞാലി കുട്ടി.

ഇബ്രാഹിം കുഞ്ഞും മുൻ മന്ത്രിയാണ്. നിർഭാഗ്യവശാൽ, എ. ഗോവിന്ദന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

കമ്പനിയെ കുറിച്ച്

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സഹായത്തോടെ 1989 ൽ ഡോ. എസ്. എൻ. ശശിധരൻ കാർത്ത സ്ഥാപിച്ച കേരളം ആസ്ഥാനമായുള്ള ലിസ്റ്റുചെയ്ത കെമിക്കൽ കമ്പനിയാണ് സിഎംആർഎൽ.

ടൈറ്റാനിയം പിഗ്മെന്റ്, ടൈറ്റാനിയം സ്പോഞ്ച്, ലോഹ വ്യവസായം എന്നിവയുടെ അസംസ്കൃത വസ്തുക്കളായ സിന്തറ്റിക് റൂട്ടൈൽ ആണ് സിഎംആർഎല്ലിന്റെ പ്രധാന ഉൽപ്പന്നം. കമ്പനി രേഖകൾ പ്രകാരം കമ്പനിയുടെ പ്രതിവർഷ ഉൽപാദന ശേഷി 50,000 മെട്രിക് ടൺ ആണ്. 1991ൽ സിഎംആർഎൽ ഖനനവും ധാതു വിഭജനവും നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2001ൽ കമ്പനി കേരള റെയർ എർത്ത്സ് ആൻഡ് മിനറൽസ് ലിമിറ്റഡിനെ (കെ. ആർ. ഇ. എം. എൽ) ബന്ധപ്പെടുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയത്തിലെ മാറ്റത്തിന്റെ വെളിച്ചത്തിൽ ഖനന പാട്ടത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിക്കുന്ന ശശിധരൻ കർത്താ

അപ്പോഴും നിരവധി നിയമസങ്കീർണതകൾ നിലനിൽക്കുന്നുണ്ടായിരുന്നു. മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) നിയമത്തിലെ സെക്ഷൻ 4 എ (1) അനുസരിച്ച് 2019 ൽ രാജ്യത്തുടനീളമുള്ള സ്വകാര്യ കമ്പനികൾ കൈവശം വച്ചിരിക്കുന്ന ബീച്ച് മണൽ ധാതുക്കൾക്കുള്ള എല്ലാ ധാതു ഇളവുകളും ഇന്ത്യൻ സർക്കാർ മുൻകൂട്ടി അവസാനിപ്പിച്ചു. കൂടാതെ, ഭാവിയിൽ, ബീച്ച് മണൽ ധാതുക്കൾക്കുള്ള ഏതെങ്കിലും ധാതു ഇളവ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതോനിയന്ത്രണത്തിലുള്ളതോ ആയ ഒരു സർക്കാർ കമ്പനിക്കോ കോർപ്പറേഷനോ മാത്രമേ നൽകാവൂ എന്നും സർക്കാർ നിർദ്ദേശിച്ചു.

ഇതുമൂലം ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (ഐആർഇഎൽ) പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങാൻ സിഎംആർഎൽ നിർബന്ധിതമായി. നിർഭാഗ്യവശാൽ, രാഷ്ട്രീയക്കാർക്കും സംസ്ഥാന പോലീസിനും മാധ്യമങ്ങൾക്കും കൈക്കൂലി നൽകി എല്ലാ പാരിസ്ഥിതികാഘാത പഠനങ്ങളേയും കാറ്റിൽ പറത്തി നടത്തുന്ന ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ കൊല്ലത്തിന്റേയും ആലപ്പുഴയുടേയും തീരപ്രദേശത്തു വളരെ ദൃശ്യമാണ് . കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമമായ ആലപ്പാട് ധാതു സമ്പന്നമായ “ചവറ നിക്ഷേപത്തിലാണ് സ്ഥിതിചെയ്യുന്നത്. 22. 5 കിലോമീറ്റർ നീളമുള്ള ധാതു മണൽ കടൽത്തീരമാണ് ഈ ഗ്രാമത്തിലുള്ളത്. ഇപ്പോൾ നടക്കുന്ന ഖനനത്തിന്റെ തോത് ഇതു പോലെ തുടർന്നാൽ ഈ ഗ്രാമം അധികം താമസിയാതെ ഭൂപടത്തിൽ നിന്നും ഇല്ലാതാകും. കഴിഞ്ഞ 50 വർഷത്തിനിടെആലപ്പാട് തീരം 87.5 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8.7 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി.

“ഖനനം തീരപ്രദേശം പിൻവാങ്ങാൻ കാരണമായി, ഇത് കാർഷിക ഭൂമിയും മത്സ്യബന്ധന സ്ഥലങ്ങളും നഷ്ടപ്പെടുന്നതിനും കാരണമായി. തങ്ങളുടെ ഗ്രാമം പതുക്കെ അപ്രത്യക്ഷമാകുന്നതിനാൽആലപ്പാടിലെ ഗ്രാമവാസികൾ ഇപ്പോൾ അനിശ്ചിതമായ ഭാവിയാണ് അഭിമുഖീകരിക്കുന്നത്. പലരും ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഉപജീവനമാർഗം നഷ്ടപ്പെട്ട് മറ്റ് ഗ്രാമങ്ങളിലേക്ക് താമസം മാറി. വിദ്യാർത്ഥികളുടെ അഭാവം മൂലം സ്കൂളുകൾ പോലും അടച്ചുപൂട്ടി ഭൂപടത്തിൽ നിന്ന് ഉടൻ അപ്രത്യക്ഷമാകുന്ന ഒരു പഞ്ചായത്തിലാണ് ഞങ്ങൾ താമസിക്കുന്നത് “, ഖനനത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രദേശവാസിയായ കാർത്തിക് ശശി പറഞ്ഞു.

ഒരു പഠനമനുസരിച്ച്, 1985 മുതൽ 2021 വരെയുള്ള കാലയളവിൽ ഗ്രാമത്തിന്റെ ഭൂവിസ്തൃതിയിലെ മാറ്റം ഏകദേശം 33.25 ശതമാനമാണ്. 2021 മുതൽ 2070 വരെയുള്ള കാലയളവിൽ ഭൂവിസ്തൃതിയിലെ മാറ്റം 73.5 ശതമാനമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ആലപ്പുഴയിൽ നിന്നുള്ള മത്സ്യത്തൊഴിലാളി എൻ. സത്യരാജൻ പറയുന്നു “കാലാവസ്ഥാ വ്യതിയാനവും ഖനനവും നമ്മുടെ തീരവും ഉപജീവനമാർഗവും മോഷ്ടിച്ചു. നമുക്ക് ഉപജീവനമാർഗം നഷ്ടപ്പെടുന്നു. നമുക്ക് എല്ലാം നഷ്ടപ്പെടുകയാണ്. എന്നാൽ പോകാൻ സ്ഥലമില്ലാത്തതിനാൽ, ഈ ഭൂമിയും നഷ്ടപ്പെടുന്നതുവരെ ഞങ്ങൾ അവിടെ തന്നെ തുടരാൻ ശ്രമിക്കും.”

“മുമ്പ്, ഈ വരിയിൽ ധാരാളം വീടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ആറിൽ താഴെ വീടുകൾ മാത്രമേ നിലനിൽക്കുന്നുള്ളൂ “, ബാക്കിയുള്ള ഗ്രാമീണർ മറ്റ് പട്ടണങ്ങളിലേക്കോ സ്ഥലങ്ങളിലേക്കോ മാറിയെന്നും സത്യരാജൻ പറഞ്ഞു. “ഈ പ്രദേശത്തെ ഭൂമി ഈടായി സ്വീകരിച്ച് വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകാത്തതിനാൽ ഇവിടെ വസ്തുക്കച്ചവടവും നടക്കുന്നില്ല.” സത്യരാജൻ കൂട്ടിച്ചർത്തു.

അതേസമയം, പെരിയാർ നദിയും എടയാറിലെ പൊതുഭൂമിയും അപകടകരമായ മാലിന്യങ്ങളും മലിനജലവും കൊണ്ട് മലിനമാക്കുന്ന വൃത്തികെട്ട പാരമ്പര്യമുള്ള ഒരു ദുഷിച്ച കമ്പനിയാണ് സിഎംആർഎൽ എന്ന് വികസനം, കാലാവസ്ഥ, പാരിസ്ഥിതിക വിഷയങ്ങളിൽ നിരീക്ഷകനായ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു.

“മലിനീകരണത്തിനെതിരായ പ്രാദേശിക സമൂഹത്തിന്റെ പോരാട്ടത്തിന് പതിറ്റാണ്ടുകളായി ഒരു പാർട്ടിയിൽ നിന്നും ഒരു രാഷ്ട്രീയക്കാരന്റെയും പിന്തുണ ലഭിച്ചിട്ടില്ല. ഏലൂരിലും എടയാറിലും പൊതുജനങ്ങളും പരിസ്ഥിതി പ്രവർത്തകരും പീഡിപ്പിക്കപ്പെടുന്നതും അവരെ ഭീഷണിപ്പെടുത്തുന്നതും അവർ അറസ്റ്റ് ചെയ്യപ്പെടുന്നതും കള്ളക്കേസുകളുടെ പേരിൽ കോടതികളിലേക്ക് വലിച്ചിഴക്കപ്പെടുന്നതും ഞങ്ങൾ കണ്ടു. രാഷ്ട്രീയക്കാരെയും ട്രേഡ് യൂണിയൻ നേതാക്കളേയും ഈ കമ്പനികൾ വിലയ്ക്കെടുത്തു എന്നത് വ്യക്തമാണ് “

കേരളത്തിന്റെ തീരങ്ങളെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന പ്രതിരോധങ്ങളെ ഇല്ലാതാക്കാൻ ഇത്തരം കമ്പനികൾ ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ളവരെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഐ.ടി റിപ്പോർട്ടിലൂടെ പുറത്തു വന്നിരിക്കുകയാണെന്നും ശ്രീധർ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ആരോപണവിധേയരായ രാഷ്ട്രീയ പ്രവർത്തകർക്കും അവരുടെ മക്കൾക്കും രാഷ്ട്രീയത്തിൽ തുടരാനുള്ള ധാർമ്മികമായ അവകാശമില്ലെന്നും ശ്രീധർ കൂട്ടിച്ചർത്തു.

“അവരെ തടയേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി, അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും അവരുടെ ബന്ധുക്കൾക്കും അവരുടെ പൊതു, രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

റെജിമോൻ കുട്ടപ്പൻ

സ്വതന്ത്ര പത്രപ്രവർത്തകനും കുടിയേറ്റ അവകാശ ഗവേഷകനുമാണ് റെജിമോൻ കുട്ടപ്പൻ. മുമ്പ് ഒമാനിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തതിനും ടൈംസ് ഓഫ് ഒമാന്റെ ചീഫ് റിപ്പോർട്ടറായിരിക്കെ ഏഷ്യൻ ഗാർഹിക തൊഴിലാളികളുടെ മനുഷ്യക്കടത്ത് തുറന്നുകാട്ടിയതിനും നാടുകടത്തപ്പെട്ടു. തൊഴിൽ കുടിയേറ്റത്തിൽ ഐ.എൽ.ഒ ഫെലോഷിപ്പും മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ എന്നിവയിൽ റോയിട്ടേഴ്സ് ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കുടിയേറ്റക്കാരെക്കുറിച്ച് അൺസെർട്ടൻ ജേർണീസ് (സ്പീക്കിംഗ് ടൈഗർ) എന്ന പേരിൽ ഒരു പുസ്തകം രചിച്ച അദ്ദേഹം 2018 ലെ കേരള വെള്ളപ്പൊക്കത്തിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ രക്ഷിച്ച കേരളീയ മത്സ്യത്തൊഴിലാളികളുടെ ധീരതയെക്കുറിച്ച് Rowing Between the Rooftops: The Heroic Fishermen of the Kerala Floods എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. നിലവിൽ, പെൻഗ്വിനിനായി രേഖകളില്ലാത്ത കുടിയേറ്റക്കാരെക്കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹം പൂർത്തിയാക്കിയതേയുള്ളൂ, അത് ഉടൻ സ്റ്റോറുകളിൽ എത്തും.

കടപ്പാട്- theleaflet.in

റെജിമോൻ കുട്ടപ്പൻ
സ്വതന്ത്ര പത്രപ്രവർത്തകനും കുടിയേറ്റ അവകാശ ഗവേഷകനുമാണ് റെജിമോൻ കുട്ടപ്പൻ. മുമ്പ് ഒമാനിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തതിനും ടൈംസ് ഓഫ് ഒമാന്റെ ചീഫ് റിപ്പോർട്ടറായിരിക്കെ ഏഷ്യൻ ഗാർഹിക തൊഴിലാളികളുടെ മനുഷ്യക്കടത്ത് തുറന്നുകാട്ടിയതിനും നാടുകടത്തപ്പെട്ടു. തൊഴിൽ കുടിയേറ്റത്തിൽ ഐ.എൽ.ഒ ഫെലോഷിപ്പും മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ എന്നിവയിൽ റോയിട്ടേഴ്സ് ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular