സംഘടിതമായ വെറുപ്പിനെതിരെ സംഘടിത പ്രതിരോധം

മഹാരാഷ്ട്രയിലെ വർഗീയ സംഘർഷങ്ങൾ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ആദ്യന്തം പ്രദർശനാത്മകമായ മതബദ്ധത, കേരള സ്റ്റോറി (ചലച്ചിത്രം) എന്നിവയെല്ലാം രാഷ്ട്രീയ സ്വയം സേവക് സംഘ്-ഭാരതീയ ജനത പാർട്ടി (ആർ എസ് എസ് – ബി ജെ പി) സംഘത്തിന്റെ ബൃഹത്തായ സാംസ്കാരിക യുദ്ധത്തിന്റെ ആന്തരിക സ്വഭാവമാണ്. പൊതുബോധത്തെ ദുഷിപ്പിക്കുന്ന ഇത്തരം വിഷയങ്ങൾ പതിവുപോലെ ഹിന്ദുക്കളെ മുസ്ലീങ്ങൾക്കെതിരായും, ഉന്നതലങ്ങളിലെ വ്യവസ്ഥാസ്ഥാപനവാദികളെ താഴേത്തട്ടിലുള്ള ‘ദേശീയവാദികൾ’ക്കെതിരെയും ഭരണഘടനാ മൂല്യങ്ങളെ ‘പാരമ്പര്യ’ മൂല്യങ്ങൾക്കെതിരെയും പ്രതിഷ്ഠിക്കുന്നു. ഈ യുദ്ധം ഇന്ത്യയുടെ സാമൂഹ്യ ഘടനയിൽ വലിയ ആഘാതം ഉണ്ടാക്കിയിട്ടും ഇത്തരത്തിലുള്ള പുനഃരുത്ഥാന പ്രവണതകൾ എങ്ങനെയാണ് ഒരു സാമൂഹ്യാടിത്തറ നേടിയെടുക്കുന്നത് എന്നത് സംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടക്കുന്നില്ല. ഭൂരിപക്ഷം ഇന്ത്യക്കാരും ഗംഗാ-യമുന-സാഹോദര്യ സംസ്കാരത്തിലാണ് ജീവിക്കുന്നതെങ്കിൽ അവരെ ജാതിവാദികളും തങ്ങളിൽപ്പെടാത്തവരെ വെറുക്കുന്നവരും ആണധികാരികളും വംശീയവാദികളുമൊക്കെയാക്കാൻ കഴിയില്ല. എന്നാൽ പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യ കൂടുതൽ തീവ്രമായ ആശയങ്ങളിലേക്ക് പോവുകയും സാമൂഹ്യമായി യാഥാസ്ഥിതികമാവുകയും ചെയ്തു എന്നാണ്. ഇന്ത്യയെ പൊതിയുന്ന ഈ തീ കെടുത്തണമെങ്കിൽ വെറുപ്പിന്റെ ഈ ഗൂഢപേടകത്തെ നമ്മൾ തുറന്നു പരിശോധിക്കേണ്ടത് വളരെ നിർണ്ണായകമാണ്.
സംഘടിത വെറുപ്പിന്റെ ജൈവഘടന
വിശാലാടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ന് മൂന്നു തരത്തിലുള്ള വെറുപ്പ് കാണാനാകും-സംഘടിതം, പാരമ്പര്യമായുള്ളത്, ഉൾച്ചേർക്കപ്പെട്ട വെറുപ്പ്. ഒന്നാമത്തേത് കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്കായി ആർ എസ് എസ്-ബി ജെ പി പോലുള്ള സംഘടനകൾ ആസൂത്രിത പദ്ധതിയോടെ വളർത്തിയെടുക്കുന്നതാണ് . പാരമ്പര്യമായുള്ള വെറുപ്പ് തലമുറകളിലൂടെ കൈമാറി വരുന്നതും (പലപ്പോഴും ജാതി, സമുദായം, ലിംഗവിവേചനം എന്നിവയുടെ അടിസ്ഥാനത്തിൽ) സംഘടിത വെറുപ്പ് പ്രചരിപ്പിക്കുന്നവർക് വളക്കൂറുള്ള മണ്ണുമാണ്. അവസാനമായി, ഉള്ളിലേക്ക് ആവാഹിക്കുന്ന വെറുപ്പ് നിശ്ശബ്ദരായ മഹാഭൂരിപക്ഷത്തെയും ബാധിക്കുന്ന രോഗമാണ്. ഹ്രസ്വകാല നേട്ടങ്ങൾക്കു വേണ്ടിയും (വോട്ടു ചെയ്യുന്ന രീതികളെ സ്വാധീനിക്കൽ, നിർണ്ണായക വിഷയങ്ങളിലെ അഭിപ്രായസമന്വയം, ധനസമാഹരണം) അവരെ സ്ഥിരമായി തങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റുന്നതിനായും ഈ രണ്ടു വിഭാഗങ്ങളെയും സംഘപരിവാർ വ്യവസ്ഥാപിതമായി ലക്ഷ്യം വെക്കുന്നു.

പുരോഗമന ശക്തികൾ തീർച്ചയായും ഈ സംഘടിത വെറുപ്പിന്റെ പ്രചാരകരെ, അവരിൽ പാർട്ടി വക്താക്കളും, പക്ഷം ചേർന്ന സാമൂഹ്യസ്വാധീനശേഷിയുള്ളവരും, സംഘടനകളും ട്രോൾ സേനകളുമൊക്കെയുണ്ട്, നേരിടേണ്ടിവരുന്നുണ്ട്. അവർ തെറ്റായ വിവരങ്ങളെ തുറന്നുകാട്ടുകയും പിന്തിരിപ്പൻ നിലപാടുകളെയും പ്രവർത്തികളെയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ആർ എസ് എസ്-ബി ജെ പിയെ നിങ്ങൾക്ക് നാണം കെടുത്താനാകില്ല, കാരണം അവർക്ക് ഭരണഘടനാപരമോ വ്യവസ്ഥാനുസൃതമോ ആയ ഒരു മാനദണ്ഡവും ബാധകമല്ല. മാത്രവുമല്ല, അവരുടെ പ്രചാരണത്തെ പ്രത്യയശാസ്ത്ര പദ്ധതികളെ നിരന്തരമായി പ്രചരിപ്പിക്കുന്ന സാമൂഹ്യ,സാംസ്കാരിക,മത സംഘടനകളുടെ ഒരു വലിയ ശൃംഖല പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇതിന്റെ മറുവശത്ത് പൊതുവ്യവഹാരം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പുരോഗമന ശക്തികൾ മാനസികമായ ഐക്യത്തിനുള്ള ബാധ്യത മുഴുവൻ ജനങ്ങളുടെ മേൽ വെക്കുന്നു. അവർ കരുതുന്നത് ജനങ്ങൾ വളരെ സ്വാഭാവികമായി പുരോഗമന നിലപാടുകളിലേക്ക് ചായും എന്നാണ്. എന്നാൽ പ്രയോഗവും അനുഭവങ്ങളും തെളിയിക്കുന്നത് ഇത് നടപ്പുള്ള കാര്യമല്ല എന്നാണ്. മാത്രവുമല്ല, ഈ തന്ത്രം അറിയാതെത്തന്നെ ഓരോ ഭരണകൂട നയത്തിനേയും തെരഞ്ഞെടുപ്പിനെയും ഒരു അസ്തിത്വ യുദ്ധമാക്കി മാറ്റുന്നതിന് സംഘപരിവാർ ഉപയോഗിക്കുന്ന ചരിത്രപരവും സാംസ്കാരികവുമായ പ്രശ്നങ്ങൾക്ക് ജീവോർജ്ജം പകരുകയും ചെയുന്നു.

നിർഭാഗ്യവശാൽ വെറുപ്പിനെതിരെ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സംഘടിതമായ എതിർപ്പ് ഇന്നില്ല. ബുൾഡോസറുകൾ പാഞ്ഞുകയറുന്നു, ആൾക്കൂട്ട ആക്രമണങ്ങൾ തടസങ്ങളില്ലാതെ നടക്കുന്നു, ഐക്യത്തെ തകർക്കുന്ന ഘോഷയാത്രകളും ചലച്ചിത്രങ്ങളും സാമ്പത്തിക ഉപരോധവുമെല്ലാം തന്ത്രപരമായ കൃത്യതയോടെ സംഘടിപ്പിക്കുന്നു. അപ്പോഴെല്ലാം ഭരണകൂടം എല്ലാമറിഞ്ഞുകൊണ്ടുതന്നെ അതിനെ അവഗണിക്കുന്നു. കർണാടകത്തിലെ ബജ്രങ്ങ് ദൾ വിഷയവും മഹാരാഷ്ട്രയിലെ കോലാപ്പൂർ വിഷയവും സൂചിപ്പിക്കുന്നതുപോലെ നിർഭാഗ്യവശാൽ പുരോഗമന കക്ഷികൾ വെറുപ്പിന്റെ ശക്തികളുമായുള്ള ഇടപെടലുകൾക്ക് വിമുഖത പ്രകടിപ്പിക്കുന്നു എന്നാണ്. അങ്ങനെ ചെയ്‌താൽ സംഘപരിവാറിന് എളുപ്പത്തിൽ അതിനെതിരെ സംഘർഷമുണ്ടാക്കാനും തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് അത് ഗുണമുണ്ടാക്കാനും കഴിയും എന്നതാണ് ഇതിന്റെ ഭാഗിക കാരണം. എന്നാലും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള അടങ്ങാത്ത ആർത്തിയിൽ ഏതെങ്കിലുമൊരു കുഴപ്പത്തിന്റെ ആഘാത മേഖല പരിമിതപ്പെടുത്തുക എന്നത് പുരോഗമന കക്ഷികളെ സംബന്ധിച്ച് ഏതാണ്ട് അസാധ്യമാണ്. പക്ഷെ ഈ പരിപാടിപരമായ അനാസ്ഥയ്ക്ക് ഘടനാപരമായ കാരണങ്ങൾക്കൂടിയുണ്ട്. മിക്ക കക്ഷികളും പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത് പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലല്ല. അവ ഏറെപ്പങ്കും ഭരണകൂടത്തിന് ആശ്രയിച്ചാണിരിക്കുന്നത്. അങ്ങനെ പ്രവർത്തിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പാഠങ്ങൾ അവർ വിസ്മരിക്കുന്നു.

വെറുപ്പിനെ ഘടനാപരമായി നേരിടൽ
ഇന്ത്യയെ പൊതിയുന്ന ഈ വെറുപ്പിന്റെ മുന്നിൽ എല്ലാ വിഭാഗങ്ങളും അമ്പരന്നിരിക്കുകയാണ്. പിന്തിരിപ്പൻ സമീപനങ്ങളെ പെറ്റുവളർത്തുന്ന ഈ ഭയത്തെ നേരിടാനും മറികടക്കാനും ധാർമ്മികവും പ്രായോഗികവുമായ പരിഗണനകളാണ് വേണ്ടത്. സാമ്പത്തികവും രാഷ്ട്രീയവുമായ അവസരങ്ങൾ നഷ്ടമാകുമെന്ന മുമ്പുതന്നെ നിലനിൽക്കുന്ന സാമൂഹ്യമായ ആശങ്കകളെ നമ്മൾ പുരോഗമനപക്ഷക്കാർ തിരിച്ചറിയുകയും പരിഹരിക്കുകയും വേണം. അതല്ലെങ്കിൽ ഇതിൽ നിന്നും മുതലെടുപ്പ് നടത്തുന്നത് ബി ജെ പിയായിരിക്കും. ഉദാഹരണത്തിന്, തൊഴിലില്ലായ്മ ഒരു ദേശീയ പ്രശ്നമാണെങ്കിലും പുരോഗമനപക്ഷത്തു നിന്നും സമഗ്രമായ ഒരു തന്ത്രം ഇല്ലാത്തതുകൊണ്ട് വലിയ തോതിലുള്ള തൊഴിലില്ലായ്മ മുസ്‌ലീങ്ങളുടെ ജനസംഖ്യ അമിതമായി വർദ്ധിച്ചതിന്റെ പ്രത്യാഘാതമാണെന്ന് വളരെ വിജയകരമായി പ്രചരിപ്പിക്കുന്നു (അതായത് ഹിന്ദുക്കൾക്ക് അവകാശപ്പെട്ട ജോലി മുസ്ലീങ്ങൾ തട്ടിയെടുത്തു എന്ന്). അതുപോലെ, പൊതുമേഖലയിലെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും കുറയുന്നത് സംവരണം മൂലമാണെന്ന് വരുത്തിത്തീർക്കുന്നു (മറ്റൊരുതരത്തിൽ ദളിതർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങൾ എന്നിവരെ ഇതിന് ഉത്തരവാദികളാക്കുന്നു). പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതും വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന നയങ്ങളും തന്ത്രപൂർവം മറച്ചുവെക്കപ്പെടുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് പുരോഗമനപക്ഷം ഇത്തരം ആശങ്കകളെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യയെ പ്രചോദിപ്പിക്കുന്ന ഒരു പുത്തൻ ബദൽ അജണ്ട അവതരിപ്പിക്കുക എന്നത് ആദ്യപടിയാണ്. അപ്പോൾ മാത്രമേ നമുക്ക് നിശബ്ദ ഭൂരിപക്ഷത്തെ വെറുപ്പിന്റെ പിടിയിൽ നിന്നും അകറ്റിനിർത്താൻ കഴിയൂ.
പുരോഗമന കക്ഷികളും ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. അതിനുവേണ്ടി അവർ തെരഞ്ഞെടുപ്പുകൾക്കപ്പുറമുള്ള തരത്തിൽ പൗര സമൂഹവുമായി കൈകോർക്കണം. ഇത് സംഘർഷങ്ങൾക്കെതിരെയുള്ള ഒരു സംവിധാനമായും പുരോഗമന പ്രത്യയശാസ്ത്ര പദ്ധതികളുടെ ശൃംഖലയുമായും പരസ്പരപൂരകമായി പ്രവർത്തിക്കും. പുതിയ വിഭാഗങ്ങളുമായി പുത്തൻ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിന് ഇത് സഹായിക്കും. ഇത്തരത്തിലുള്ള ഒരു വിഭാഗം മിക്കപ്പോഴും പുരോഗമന കക്ഷികൾ ഒഴിവാക്കുന്ന (അങ്ങനെ ആർ എസ് എസ്-ബി ജെ പിക്ക് എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധികളാകാൻ തീറെഴുതിക്കൊടുക്കുന്ന) മത നേതാക്കളും സംഘടനകളുമാണ്. ഇത്തരമൊരു സംവിധാനം പുനഃരുത്ഥാന അജണ്ടകളുടെ സാധൂകരണത്തെ തടയുമെന്നതിൽ സംശയമില്ല.

ഇതുകൂടാതെ,അധികാരത്തിലെത്തുമ്പോൾ പുരോഗമനകക്ഷികൾക്ക് ഇത്തരത്തിലുള്ള പിന്തിരിപ്പൻ നടപടികൾ നിയന്ത്രിക്കുകയുമാകാം; ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കർണാടക സർക്കാർ ചെയ്യുന്ന പോലെ. ഉദാഹരണത്തിന്, പൊതു വ്യവഹാരത്തെ സംഘർഷഭരിതമാക്കാൻ ചലച്ചിത്രങ്ങളെ ഉപയോഗിക്കുന്നവർ, സമാധാനം ഇല്ലാതാക്കാൻ ഘോഷയാത്രകളും മതസമ്മേളനങ്ങളും സംഘടിപ്പിക്കുന്ന സംഘങ്ങൾ. ഭരണകൂടത്തിന് അത്തരം സംഘടനകളെ നിരോധിക്കാൻ കഴിയുമെങ്കിലും അതൊരു താത്ക്കാലിക പരിഹാരം മാത്രമാണ്. അവയെല്ലാം മറ്റേതെങ്കിലും രൂപത്തിൽ വീണ്ടും അവതരിക്കും. കുറച്ചുകൂടി സുസ്ഥിരമായ പരിഹാരം എന്നത് സാമൂഹ്യ ഐക്യം പ്രചരിപ്പിക്കുക, ഉദാര,മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക, വളരെ ശക്തമായി ബദൽ മാധ്യമങ്ങളിലൂടെ ഭരണഘടനാ ആഖ്യാനം നടത്തുക, പ്രത്യയശാസ്ത്ര പദ്ധതികൾ എന്നിവ നടത്തുന്ന ശാന്തി സേനകളാണ്.

നാലാമതായി,ആരാണ് പിന്തിരിപ്പൻ വിഷയങ്ങളുടെ ഗുണഭോക്താക്കൾ എന്നത് പുരോഗമനകക്ഷികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോൾ ഒരു സംഘർഷം എന്നത് സങ്കുചിതമായൊരു സാമ്പത്തിക താത്‌പര്യം മുന്നോട്ടുകൊണ്ടുപോകാനുള്ള പുകമറ മാത്രമായിരിക്കും. ഉദാഹരണത്തിന്, അറവുശാലകൾക്കെതിരായ ആക്രമണം പ്രത്യയശാസ്ത്രപരമായി പ്രചോദിതവും ഒപ്പം സാമ്പത്തിക എതിരാളികളുടേതുമാണ്. സമാനമായി, ചില പ്രവാസി സംഘങ്ങൾ പിന്തിരിപ്പൻ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയിലെ വാണിജ്യ സംരഭങ്ങളിൽ മുൻഗണന കിട്ടുന്നതിന് വേണ്ടിയാണ്. ഈ സാമ്പത്തിക അടിസ്ഥാനഘടനയെ അടയാളപ്പെടുത്തുന്നത് ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ചുള്ള ലക്ഷ്യങ്ങൾ തുറന്നുകാട്ടാൻ സഹായിക്കും. പിന്തിരിപ്പൻ സംഘടനകളെ ശക്തിപ്പെടുത്തുന്ന ഇത്തരം സ്രോതസുകൾ അവസാനിപ്പിക്കാനായാൽ അതൊരു വലിയ അടിയായിരിക്കും. പക്ഷെ ഇതിനൊപ്പം തത്പര കക്ഷികളുടെ കക്ഷിരാഷ്ട്രീയത്തിനതീതമായ താത്പര്യങ്ങളെ അഭിസംബോധന ചെയ്യാനും ഗുണഭോക്താക്കൾക്കെതിരെ സത്യാഗ്രവും (തുറന്നുകാട്ടാനും) ഇന്ത്യയിൽ വെറുപ്പ് പ്രോത്സാഹിപ്പിക്കാൻ വിദേശ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും (മിക്ക രാജ്യങ്ങളുടെയും നിയമങ്ങൾ അത് തടയുന്നു) സംഘടിതമായ നിയമ നടപടികളും കഴിയണം.

പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രതിബദ്ധത
പ്രത്യയശാസ്ത്രപരമായ സങ്കുചിതത്വങ്ങളോ അധാർമ്മികമായ രാഷ്ട്രീയമോ ഇന്ത്യ അർഹിക്കുന്നില്ല (2020-ലെ ഡൽഹി കലാപത്തിൽ കണ്ടപോലെ). ഈ പശ്ചാത്തലത്തിൽ വർഗീയതക്കെതിരെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഉജ്ജ്വലമായ പോരാട്ടം നമുക്ക് വഴികാട്ടുന്നുണ്ട്. 1951-52 ലെ പൊതു തെരഞ്ഞെടുപ്പിൽ ഇതിനെ ഒരു കേന്ദ്ര പ്രമേയമാക്കി മാറ്റിയതിനൊപ്പം പൊതു/പാർലമെന്റ് പ്രസംഗങ്ങളിലൂടെയും റേഡിയോ പ്രക്ഷേപണങ്ങളിലൂടെയും മുഖ്യമന്ത്രിമാർക്കും പാർട്ടി ഘടകങ്ങൾക്കുമുള്ള കത്തുകളിലൂടെയും ആദ്ദേഹം വെറുപ്പിനെതിരെ അക്ഷീണം പ്രചാരണം നടത്തി. “നമ്മുടെ ആദർശങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമൊത്ത് ഉയരാനും” “വെറുപ്പിന്റെ അൾത്താരകളിൽ ഇന്ത്യയെ ബലികൊടുക്കാൻ അനുവദിക്കാതിരിക്കാനും” കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ട അദ്ദേഹം “വീടുകളിലും പാടങ്ങളിലും അങ്ങാടികളിലും മന്ത്രിസഭകളിലും തെരുവുകളിലും” പാർട്ടി അതിനായി പൊരുതുന്നു എന്നും അദ്ദേഹം ഉറപ്പാക്കി (മുഖ്യമന്ത്രിമാർക്കുള്ള കത്തുകൾ, Letters to Chief Ministers, Volume 1, pp 479 and 487; and Jawaharlal Nehru’s speeches, Vol. 2, p.175) ഇന്നിപ്പോൾ എന്നത്തേക്കാളും കൂടുതലായി വെറുപ്പിനെതിരെ സംഘടിതവും പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതും രാഷ്ട്രീയവുമായ ഒരു പ്രതിരോധം ഇന്ത്യക്കാവശ്യമുണ്ട്. ജനങ്ങളുടെ ജൈവികമായൊരു മാനസിക പരിവർത്തനത്തിനായി കാത്തിരിക്കാനുള്ള ആഡംബരം നമുക്കില്ല. ഒരൊറ്റ ചോദ്യമേയുള്ളു; നമുക്ക് സങ്കുചിതമായ താത്പര്യങ്ങളെ മറികടക്കാനും ദേശീയ താത്പര്യങ്ങൾക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കാനും കഴിയുമോ?

പുഷ്പരാജ് ദേശ്പാണ്ഡെ, സമൃദ്ധ ഭാരത് ഫൗണ്ടേഷൻ ഡയറക്ടറും Rethinking India പരമ്പരയുടെ (Penguin) എഡിറ്ററുമാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular