ചെങ്കോലും നെഹ്റുവും

ചെങ്കോൽ കഥ ദിനംപ്രതി വികാസം കൊള്ളുകയാണ്. സാക്ഷാൽ നെഹ്റു കൂടി കഥാപാത്രമായതിനാൽ അതൊന്നന്വേഷിക്കാമെന്നു കരുതി.
മൂലകഥ ‘സ്വാതന്ത്യം അർദ്ധരാത്രിയിൽ ‘ എന്ന പുസ്തകത്തിലുണ്ട്.

അതിങ്ങനെയാണ്:

“മറയ്ക്കാത്ത മാറും ഭസ്മം പൂശിയ നെറ്റത്തടവും പിണച്ചു ജടയാക്കി തോളിലേക്കു തൂക്കായിട്ടിരുന്ന മുറിക്കാത്ത കറുത്ത തലമുടിയും ഉള്ള അവർ പ്രാചീനവും കാലാതീതവുമായ ഒരിന്ത്യയിൽനിന്നെത്തിയ തീർത്ഥാടകരാണ്… ആ രണ്ടു പേരിലൊരാൾ ഒരു വലിയ വെള്ളിത്തട്ടം വഹിച്ചിരുന്നു. വെളുത്ത പട്ടിൽ സ്വർണവരകൾ പിടിപ്പിച്ച വസ്ത്രം മടക്കി അതിൽ വെച്ചിട്ടുണ്ട്. പീതാംബരമാണത്; സ്വർണ വസ്ത്രം. മറ്റേ സന്യാസിയുടെ കൈയിൽ അഞ്ചടി നീളമുള്ള ഒരു ചെങ്കോലും തഞ്ചാവൂർ നദിയിൽ നിന്നു കൊണ്ടുവന്ന വിശുദ്ധ ജലമുള്ള മൊന്തയും ഒരു ചെറിയ ഭസ്മസഞ്ചിയും മദ്രാസിലുള്ള ക്ഷേത്രത്തിലെ നൃത്ത ദേവനായ നടരാജൻ്റെ പാദത്തിങ്കൽ രാവിലെ നിവേദിച്ച ചോറ് ഉൾക്കൊള്ളുന്ന മറ്റൊരു സഞ്ചിയും ഉണ്ട്.

അവരുടെ ഘോഷയാത്ര തലസ്ഥാനത്തെ തെരുവീഥികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. യോർക്ക് റോഡ് 17-ലെ ഒരു ചെറിയ ബംഗ്ലാവിന്റെ മുന്നിലെത്തിയപ്പോൾ അതു നിന്നു. അതിന്റെ പടികളിൽവെച്ച്, അന്ധവിശ്വാസത്തെയും ഇന്ദ്രിയാതീത വിഷയങ്ങളെയും പൂജിക്കുന്ന ഒരിന്ത്യയുടെ ആ പ്രതിനിധികൾ, ശാസ്ത്രത്തിന്റെതും സോഷ്യലിസത്തിന്റെതുമായ പുതിയ ഇന്ത്യയുടെ പ്രവാചകനുമായി സന്ധിച്ചു. പുരാതനകാലത്തെ രാജാക്കന്മാർക്ക് ഹിന്ദു വിശുദ്ധന്മാർ അധികാര ചിഹ്നങ്ങൾ അർപ്പിച്ചിരുന്നതുപോലെ, പുതിയ ഇന്ത്യാ രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ പോകുന്ന മനുഷ്യന് തങ്ങളുടെ പൗരാണികങ്ങളായ അധികാര ചിഹ്നങ്ങൾ അർപ്പിക്കുന്നതിന് സന്യാസിമാർ യോർക്ക് റോഡിൽ എത്തിയതായിരുന്നു.

അവർ ജവാഹർലാൽ നെഹ്റുവിന്റെ മേൽ വിശുദ്ധജലം തളിച്ചു. അദ്ദേഹത്തിന്റെ നെറ്റിയിൽ ഭസ്മം പൂശി. അവരുടെ ചെങ്കോൽ അദ്ദേഹത്തിന്റെ കൈയിൽ വെച്ചു. അദ്ദേഹത്തെ സ്വർണ വസ്ത്രം പുതപ്പിച്ചു. മതം എന്ന വാക്ക് തന്നിൽ ഉളവാക്കിയിട്ടുള്ള ഭീകരതയെക്കുറിച്ച് എപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആ മനുഷ്യന് തൻ്റെ രാഷ്ട്രത്തിൽ താൻ അപലപിച്ചിട്ടുള്ള സകലതിന്റെയും മടുപ്പുളവാക്കുന്ന ഒരു പ്രകടനമായിരുന്നു ആ ചടങ്ങ്. എങ്കിലും ഏറെക്കുറെ ആഹ്ളാദപൂർവമായ വിനയത്തോടെ അദ്ദേഹം അതിനു വിധേയനായി. തന്നെ കാത്തിരിക്കുന്ന ഭീകരമായ മഹായത്നങ്ങളിൽ, സഹായ സാധ്യതയുടെ ഉറവിടവും, താൻ അധിക്ഷേപിച്ചു തള്ളിയിട്ടുള്ള മാന്ത്രിക വിദ്യയെപ്പോലും തീരെ അവഗണിക്കരുതെന്ന് ആ യുക്തിവാദി സ്വയം മനസ്സിലാക്കിയിരുന്നുവെന്ന് തോന്നുന്നു.”

ചെങ്കോലിന്റെ കഥ ഇവിടെ അവസാനിച്ചു. ഈ ചെങ്കോലാണ് പുതിയ വേഷപ്പകർച്ചകളുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. ഇത്രയും വിവരിച്ച, ലാരി കോളിൻസും ഡൊമിനിക് ലാപിയറും പിന്നെയും ചെങ്കോലിനെ കാണാതിരിക്കില്ലല്ലോ! അതുണ്ടായില്ല. കാരണം ചെങ്കോൽ അവിടെ ആ ബംഗ്ലാവിന്റെ മൂലയിൽ മയങ്ങിക്കിടന്നു. നെഹ്റു നെറ്റിയിലെ ഭസ്മമൊക്കെ കഴുക്കിക്കളഞ്ഞ് ലാഹോറിലെ ലഹളയുടെ വിവരമറിഞ്ഞ് ദുഃഖിതനായി ഉറങ്ങാതെ ആ രാത്രി കഴിച്ചുകൂട്ടി.
പിന്നീടെപ്പോഴോ അത് യോർക്ക് റോഡിലെ ബംഗ്ലാവിൽ നിന്ന് പ്രയാഗ് രാജിലെ നെഹ്റു മ്യൂസിയത്തിലുമെത്തി.

ഈ സംഭവത്തിൽ നിന്നാണ് പുതിയ ചരിത്രം നിർമ്മിക്കാൻ ഇപ്പോഴത്തെ മോദി ഭരണകൂടം ശ്രമിക്കുന്നത്. ഇതിന്റെ പിൻബലം പറ്റിയാണ് പുതിയ ചെങ്കോൽ ഔദ്യോഗികമായി നരേന്ദ്ര മോദിയിലൂടെ പുതിയ പാർലമെന്റിലെ സ്പീക്കറുടെ കസേരയ്ക്കടുത്തെത്തുന്നത്.
ചവറ്റുകൊട്ടയിൽ നിന്നും ചില്ലറകൾ പെറുക്കിയെടുത്ത് ‘മഹാസംഭവങ്ങൾ’ നിർമ്മിച്ചെടുക്കുന്ന ഒരു കാലത്ത്
വസ്തുതകൾ നമുക്ക് മുന്നിലെത്തുക പ്രയാസം. അങ്ങനെയാണ് ഇന്നിപ്പോൾ ഇന്ത്യൻ ജനത ചെങ്കോൽ കഥയിൽ അഭിരമിക്കാനിടയായത്. നെഹ്റുവിലേക്കുള്ള ദൂരം തുടർച്ചയായി കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് കഥയുടെ സാരം.

എൻ.ഇ സുധീർ
ചിന്തകൻ, നിരൂപകൻ, രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ കേരളത്തിൽ ശ്രദ്ധേയനാണ് എൻ.ഇ സുധീർ. വായനയെ തപസ്യയായി കാണുന്ന ഇദ്ദേഹം ആനുകാലികങ്ങളിലും ഓൺലൈനിലും സജീവമാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular