മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ ചില ഓർമ്മകൾ

ഇന്നേക്ക് 3871 ദിവസങ്ങൾ മുമ്പ് ഒരു ഡൽഹി ബസിനുള്ളിൽ വച്ച് ഒരു ഇരുപത്തിരണ്ടുകാരിയെ ആറു നരാധമന്മാരുടെ പീഢനത്തിനിരയായി.
സമകാലിക സംഭവങ്ങൾ എന്റെ പഴയ ചില കുറിപ്പുകളും ഓർമ്മകളും പരതാൻ എന്നെ പ്രേരിപ്പിച്ചു. ഏതാണ്ടൊരു ദശാബ്ദത്തിനു ശേഷവും അതിൽ ചില സംഭവങ്ങൾ ഇപ്പോഴും എഴുന്നു നിൽക്കുന്നു :

  1. കേവലം 24 മണിക്കൂറിനുള്ളിൽ പോലീസ് കുറ്റവാളികളെ പിടികൂടി. എന്തുചെയ്യണമെന്ന് അവരോട് ആരും പറയേണ്ടിവന്നില്ല ; ഒരു FIR രേഖപ്പെടുത്താൻ അവരെ ആർക്കും നിർബന്ധിക്കേണ്ടി വന്നില്ല. ഒരു കൊടുംകുറ്റകൃത്യം നടന്നു, 24 മണിക്കൂറിനുള്ളിൽ അതിൽ കുറ്റവാളികൾ പിടിക്കപ്പെട്ടു – ദൽഹി പോലീസായിരുന്നു അത് തെളിയിച്ചത് എന്നോർക്കുക.
  2. കുറ്റകൃത്യം ചർച്ച ചെയ്യാൻ ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ. സിങ്ങിനെയും ദൽഹി പൊലീസ് കമ്മീഷണർ നീരജ് കുമാറിനേയും വിളിച്ചുവരുത്തി വിശദീകരണം തേടി. ബി ജെ പി എം പി വെങ്കയ്യ നായിഡുവായിരുന്നു സമിതിയുടെ തലവൻ. ചർച്ചകൾ തടയാൻ ഒരു ശ്രമവും നടന്നില്ല. നായിഡു പ്രശ്നത്തെ “രാഷ്ട്രീയവത്ക്കരിക്കുന്നു” എന്ന ആക്ഷേപവും ഉയർന്നില്ല.
  3. പൊലീസ് സത്വര നടപടികളെടുത്തെങ്കിലും ദൽഹി ഹൈക്കോടതി സംഭവവികാസങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാൻ തീരുമാനിച്ചു. ആ ദിവസം പ്രദേശത്ത് ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരുവിവരങ്ങൾ കോടതി ആവശ്യപ്പെട്ടു. സംഭവദിവസം രാവിലെ അതെ ബസിലുണ്ടായ ഒരു കവർച്ച ശ്രമത്തിൽ പെട്ടന്നുതന്നെ നടപടികളെടുക്കാഞ്ഞതിന് കോടതി പൊലീസിനെ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങളുടെ വിചാരണക്കായി അതിവേഗ വിചാരണ കോടതികൾ സ്ഥാപിക്കാൻ കോടതി ശുപാർശ ചെയ്തു. ആദ്യത്തെ അതിവേഗ വിചാരണ കോടതി കുറ്റകൃത്യത്തിന്‌ കേവലം 16 ദിവസങ്ങൾക്കുള്ളിൽ ജനുവരി 2-നു അന്നത്തെ ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീർ ഉദ്ഘാടനം ചെയ്തു. ക്രമസമാധാന സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുറപ്പുവരുത്താൻ സ്വമേധയാ കേസെടുക്കണമെന്ന് കോടതിയെ ആർക്കും നിര്ബന്ധിക്കേണ്ടി വന്നില്ല.
  4. ഡിസംബർ 21-നകം കുറ്റകൃത്യത്തിന്റെ ഇര അഞ്ചു ശസ്ത്രക്രിയകൾക്ക് വിധേയയായി, എന്നിട്ടും അതീവഗുരുതരാവസ്ഥയിൽ തുടർന്നു. അവളുടെ ചികിത്സ മേല്നോട്ടത്തിനായി സർക്കാർ ഡോക്ടർമാരുടെ ഒരു സമിതിയെ നിയോഗിച്ചു. ആരോഗ്യനിലയിൽ പുരോഗതിയൊന്നും കാണാഞ്ഞപ്പോൾ ഡിസംബർ 16-നു പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം, അവളെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റാൻ തീരുമാനിച്ചു. ഡിസംബർ 29-നു പുലർച്ചെ അവൾ മരിച്ചു, ഡിസംബർ 30-നു ശവസംസ്‌കാരം നടന്നു. ശവസംസ്കാരത്തിനു ചുറ്റുമുള്ള വൻ സുരക്ഷയെ വിമർശിച്ച ബി ജെ പി അതിനെ അടിയന്തരാവസ്ഥയോട് താരതമ്യപ്പെടുത്തി (ബി ജെ പി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരും കുറ്റപ്പെടുത്തിയില്ല, വാസ്തവത്തിൽ അവർ ചെയ്തിരുന്നത് അതായിരുന്നുവെങ്കിലും-രാജ്യത്തെങ്ങും ഉയർന്ന വലിയ പൊതുജന പ്രതിഷേധത്തെത്തുടർന്നാണ് സുരക്ഷാ ശക്തമാക്കിയത് എന്ന് മറ്റെല്ലാവരെയും പോലെ ബി ജെ പിക്കും അറിയാമായിരുന്നു).
  5. ഒരു വർഷം തീരുംമുമ്പായി, 2013 സെപ്റ്റംബർ 10-ന് പ്രതികളിൽ പ്രായപൂർത്തിയായ നാല് പേർ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് ഡൽഹിയിലെ അതിവേഗ കോടതി കണ്ടെത്തി.( സുപ്രീം കോടതിയിൽ നൽകിയ നാല് വെവ്വേറെ അപ്പീലുകളും പ്രസിഡന്റിനുള്ള ദയാഹർജിയും തീർപ്പാക്കിയതിനു ശേഷം നാല് പേരുടേയും വധശിക്ഷ 2020 മാർച്ച് 20-നു നടപ്പാക്കി).
  6. സംഭവത്തിനു (കുറ്റകൃത്യത്തിന്‌) തൊട്ടുപിന്നാലെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും രാജ്യത്തെ നഗരങ്ങളിൽ വ്യാപിക്കുകയും ചെയ്തു. ഡിസംബർ 21-ണ് ഇൻഡ്യ ഗേറ്റിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. അക്കൂട്ടത്തിൽ പതഞ്‌ജലി ഉടമ ‘ബാബാ’ രാംദേവും ഇപ്പോൾ മണിപ്പൂർ വിഷയത്തിൽ കുറ്റകരമായ മൗനം പാലിക്കുന്ന റോഡ് ഗതാഗത, ദേശീയപാത സഹമന്ത്രി കൂടിയായ മുൻ സൈനിക മേധാവി വിജയകുമാർ സിങ്ങും ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ തടയാനുള്ള സർക്കാരിന്റെയും പൊലീസിന്റെയും ശ്രമങ്ങൾ പ്രതിഷേധം കൂടുതൽ ആളിപ്പടരാനും ഭരണകൂടത്തെ വെല്ലുവിളിച്ച് സർക്കാർ മറുപടി പറയണമെന്ന ആവശ്യം ശക്തമാകാനും ഇടയാക്കി. കുറ്റകൃത്യത്തിലെ ഇരയുടെ മരണത്തെത്തുടർന്ന് പ്രതിഷേധങ്ങളും മെഴുകുതിരി സമരങ്ങളും രാജ്യത്തെങ്ങും തുടർന്നു. ബി ജെ പി സജീവമായി പങ്കെടുക്കുകയും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സൈന്യം അവരുടെ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി. നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെല്ലാം അനുഭാവം പ്രകടിപ്പിക്കുന്ന പ്രകടനങ്ങൾ നടന്നു- ഈ രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്ത്ര കാര്യങ്ങളിൽ ഇടപെടുകയാണെന്ന് ആരും ആരോപിച്ചില്ല. പ്രമുഖ വിദേശ മാധ്യമങ്ങൾ ലൈംഗികാക്രമണ കുറ്റകൃത്യവും അതിന്റെ തുടരാഘാതങ്ങളും സംബന്ധിച്ച നിരവധി വാർത്തകൾ നൽകി. ജോർജ് സോറോസുമായുള്ള ബന്ധവും അതിനു പിന്നിലെ ഗൂഢോദ്ദേശ്യവുമൊന്നും ആരോപിക്കപ്പെട്ടില്ല.
  1. അന്നത്തെ ഭരണസഖ്യമായ യു പി എ അധ്യക്ഷ സോണിയ ഗാന്ധി ആക്രമണത്തിന്റെ ഇരയെ സഫ്ദർജംഗ് ആശുപത്രിയിൽ സന്ദർശിച്ചു. ഡിസംബർ 24-നു പ്രധാനമന്ത്രി മൻമോഹൻസിങ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ബലാത്സംഗികളെ തൂക്കിക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഇത്തരമൊരു കൊടുംക്രൂരത ഇനിയൊരാൾക്കും ചെയ്യാൻ തോന്നാത്ത തരത്തിൽ ശക്തമായ നടപടികളുണ്ടാകണമെന്ന് ബി എസ് പി നേതാവ് മായാവതി ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്ക് പുതിയ നിയമ നിർമ്മാണം വേണമെന്ന് ലോക്സഭാ സ്‌പീക്കർ മീര കുമാർ പറഞ്ഞു. ദേശ തലസ്ഥാനം ബലാത്സംഗ തലസ്ഥാനമാകുന്നുവെന്ന് അന്നത്തെ ദൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് വിശേഷിപ്പിച്ചു. സംഭവത്തെക്കുറിച്ച് നേതാക്കളിൽ ചിലരുടെ മാത്രം പ്രതികരണങ്ങളാണിത്.
  2. ഡിസംബർ 22-ന് ബലാത്സംഗം സംബന്ധിച്ച ശിക്ഷാനിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കാനും അത് സംബന്ധിച്ച റിപ്പോർട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാനായി മുൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് വർമ്മയുടെ നേതൃത്വത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ഡിസംബർ 26-നു സംഭവത്തിനിടയാക്കിയ പിഴവുകളും അതിലെ ഉത്തരവാദികളെ കണ്ടെത്താനും ദൽഹി സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ ഇടമായി മാറ്റാനും വേണ്ടി മുൻ ഹൈക്കോടതി ന്യായാധിപ ജസ്റ്റിസ് ഉഷ മെഹ്റയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണ കമ്മീഷന് രൂപം കൊടുത്തു. ഇതിന്റെ ഫലമായി 2013 ഫെബ്രുവരി 3-ന് ക്രിനിമിനൽ നിയമം ഭേദഗതി ഓർഡിനനൻസ് 2013 പുറപ്പെടുവിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ബന്ധപ്പെട്ട മറ്റ് നിയമങ്ങൾ എന്നിവയിലെ ഭേദഗതികളായിരുന്നു ഇതിൽ ഉൾപ്പെട്ടത്. ബലാത്സംഗത്തിന് വധശിക്ഷ നൽകുന്നതും ഭേദഗതികളിൽ ഉൾപ്പെട്ടിരുന്നു.

നിർഭയ ബലാത്സംഗ കേസിന്റെ ഒരു സമഗ്ര ചിത്രമല്ല ഇത്. നമ്മുടെ വർത്തമാനകാലത്തിലേക്ക് വെളിച്ചം വീശുന്ന ഭൂതകാലത്തിൽ നിന്നുള്ള ചില വസ്തുതകൾ വളരെ പെട്ടന്ന് ക്രോഡീകരിച്ചതാണ്.

എന്തിനാണ് ഇതെല്ലാം ഇപ്പോൾ പറയുന്നത്?
കാരണം ഇക്കഴിഞ്ഞ ആഴ്ച മണിപ്പൂരിൽ നടന്ന ഭീകരമായൊരു കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരികയും അത് വലിയ തോതിൽ പ്രചരിക്കുകയും ചെയ്തു. ഒരു ദശാബ്ദമോ അതിന് മുമ്പുള്ളതോ ആയ നമ്മുടെ രാജ്യത്തെക്കുറിച്ചാണ് ഞാൻ ആലോചിച്ചത്.

ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമായൊരു രാജ്യമായിരുന്നില്ല (എന്നെങ്കിലും അങ്ങനെയാകുമോ എന്നതിലും എനിക്ക് സംശയമുണ്ട്), ഉത്തരവാദിത്തം ഏറ്റെടുത്ത് സർക്കാരുകൾ രാജിവെക്കുന്ന ഒരു രാജ്യമായിരുന്നില്ല അത് (അങ്ങനെയാകാനും സാധ്യതയില്ല). ജനങ്ങളുടെ പ്രതിഷേധത്തെ ലാത്തികളും കണ്ണീർ വാതകവറും ഉപയോഗിച്ചല്ലാതെ ജനാധിപത്യപരമായി പൊലീസ് കൈകാര്യം ചെയ്യുന്ന ഒരു രാജ്യമായിരുന്നില്ല അത് (ഇനിയും അതൊന്നും മാറാൻ പോകുന്നില്ലെന്നും ഞാൻ ആശങ്കപ്പെടുന്നു).

പക്ഷെ അത് അല്പമെങ്കിലും മനഃസാക്ഷിയുള്ള ആളുകളുടെ നാടായിരുന്നു. പ്രതിഷേധത്തിലേക്ക് വളരെ സാവകാശം മാത്രം ഉണരുന്നൊരു ജനതയാണ് നമ്മൾ-പക്ഷെ അസാധാരണമായ തരത്തിൽ ക്രൂരമായൊരു സംഭവം ഉണ്ടായപ്പോൾ നമ്മുടെ അലസതകളെ കുടഞ്ഞുകളഞ്ഞു, ഭരണകൂടത്തിന്റെ ജലപീരങ്കികൾക്കും കണ്ണീർവാതക ഷെല്ലുകൾക്കും മുന്നിൽ പതറാതെ നിന്നൊരു ജനതയായിരുന്നു നമ്മൾ; ഉത്തരവാദിത്തം ആവശ്യപ്പെടുകയും അതിൽക്കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് പറയുകയും ചെയ്തവർ.

നമ്മുടെ ശബ്ദം കേൾപ്പിക്കാൻ കൂട്ടമായി തെരുവുകളിലേക്കിറങ്ങിയ ജനതയായിരുന്നു നമ്മൾ. ഓർമ്മകളുണ്ടായിരിക്കുയും സമയമായപ്പോൾ നമ്മുടെ ക്ഷോഭം വോട്ടു ചെയ്ത് പ്രകടിപ്പിക്കുകയും ചെയ്തവരായിരുന്നു നാം.

(ഇത്തരം സംഭവങ്ങൾ രാഷ്ട്രീയ ആക്ഷേപങ്ങളുടെയും ഭാഗമായി- 2014-ലെ പ്രചാരണത്തിൽ “വോട്ട് ചെയ്യാൻ പോകുമ്പോൾ നിർഭയയെ ഓർക്കാൻ” മോദി ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു).

അവിടെനിന്നും എങ്ങനെയാണ് നമ്മൾ ഇന്നത്തെ നിലയിലെത്തിയത്?

സ്ത്രീകളെ നഗ്നരാക്കി പൊതുനിരത്തിൽ നടത്തിക്കുകയും അതിനുശേഷം കൂട്ട ബലാത്സംഗം നടത്തുകയും ചെയ്യുന്ന ഭീകരതയുടെ വിറങ്ങലിപ്പിക്കുന്ന ദൃശ്യങ്ങളടക്കമുള്ള കൊടും കുറ്റകൃത്യങ്ങളോടും അക്രമങ്ങളോടും ഒരു പ്ലക്കാർഡോ പ്രതിഷേധിക്കുന്നൊരു മെഴുകുതിരി കത്തിക്കൽ ഐക്യദാർഢ്യമോ നടത്താത്തവണ്ണം അവയെ സ്വാഭാവികമായി കാണുന്നൊരു ജനതയായി നമ്മളെങ്ങനെയാണ് മാറിയത്?

അതിനിന്ദ്യമായൊരു കുറ്റകൃത്യമുണ്ടായാൽ അതിലെ ഇരക്കൊപ്പം നിൽക്കാനുള്ള നമ്മുടെ സ്വാഭാവിക ചോദനകളെ തള്ളിക്കളഞ് നമ്മുടെ രാഷ്ട്രീയ കക്ഷിക്കൊപ്പം നിലക്കൊന്നൊരു സമൂഹമായി നാമെങ്ങിനെയാണ് മാറിയത്?

ഒരു ഉദ്ധരണി പറഞ്ഞാൽ ; ക്രമേണ, പിന്നെ പൊടുന്നനെ.

ഒമ്പത് വയസുകാരിയായൊരു പെൺകുട്ടിയെ കൂട്ട ബലാത്സംഗം നടത്തിയ കാത്വ സംഭവത്തിലെ പ്രതികളെ പിടികൂടിയപ്പോൾ അത് ഹിന്ദു മഠത്തിനെതിരെയുള്ള ആക്രമണമാണ് എന്ന് പറഞ്ഞുകൊണ്ട് ‘ഹിന്ദു സംഘടനകൾ’ യാതൊരു പ്രശ്നവുമില്ലാതെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയപ്പോൾ നമ്മളൊരു ചെറിയ ചുവട് വെച്ചു. മോദി സർക്കാരിലെ രണ്ടു മന്ത്രിമാർ -വനം വകുപ്പ് മന്ത്രി ലാൽ സിങ്ങും വ്യവസായ മന്ത്രി ചന്ദർ പ്രകാശും – പ്രതിഷേധങ്ങളിൽ പങ്കെടുത്തു. കുറ്റവാളികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അവർക്കെതിരെ കാത്വയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിൽ അഭിഭാഷകർ പ്രതിഷേധിച്ചു.

പശുവിറച്ചി കടത്തി എന്ന വെറും സംശയത്തിന്റെ പേരിൽ ഒരു മനുഷ്യനെ തല്ലിക്കൊന്ന ആൾക്കൂട്ടത്തിൽ, ശിക്ഷിക്കപ്പെട്ട എട്ടുപേരെ ഒരു മന്ത്രി -ജയന്ത് സിൻഹ- മാലയിട്ട സ്വീകരിച്ചപ്പോൾ അതേ വർഷം നമ്മൾ മറ്റൊരു കുഞ്ഞു ചുവടുകൂടി മുന്നോട്ടുവെച്ചു.

ഉത്തർപ്രദേശിലെ ഹത്രാസിൽ ഒരു 19-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയപ്പോൾ, തുടക്കത്തിൽ അതൊരു വ്യാജവാർത്തയാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞ പൊലീസ് വീട്ടുകാരുടെ എതിർപ്പുകളെ തള്ളിക്കളഞ് ബലംപ്രയോഗിച്ച് മൃതദേഹം സംസ്ക്കരിച്ചപ്പോൾ; ബലാത്സംഗം നടന്നില്ലെന്ന് പ്രചരിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരു പ്രചാരണ സ്ഥാപനത്തെ വാടകക്കെടുത്തപ്പോൾ; സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള “അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്ന്” യോഗി ആദിത്യനാഥ് സർക്കാർ പറഞ്ഞപ്പോൾ; നാല് പ്രതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു ബി ജെ പി മുൻ എം എൽ എ സംഘടിപ്പിച്ച പ്രകടനത്തിൽ ആർ എസ് എസുകാരടക്കമുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തപ്പോൾ; സംഭവം റിപ്പോർട് ചെയ്യാൻ ഹത്രാസിലേക്ക് പോയ മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ; ഒടുവിൽ നാല് പ്രതികളിൽ മൂന്നു പേരെയും ഹത്രാസ് ജില്ലാകോടതി വെറുതെവിട്ടപ്പോൾ, നമ്മൾ വീണ്ടുമൊരു ചുവട് മുന്നോട്ടാഞ്ഞു.

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലും അവരുടെ കുടുംബത്തിന്റെ കൂട്ടക്കൊലയിലും ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികളെ, നിയമത്തെ വളച്ചൊടിച്ചുണ്ടാക്കിയ ഉത്തരവിലൂടെ ഗുജറാത്ത് സർക്കാർ തടവിൽ നിന്നും വിട്ടയച്ചപ്പോൾ, ആഗസ്റ്റ് 2022-നു വിശ്വഹിന്ദു പരിഷദ് കാര്യാലയത്തിൽ മാലയിട്ട സ്വീകരിച്ചപ്പോൾ നമ്മൾ വലിയൊരു ചുവടുകൂടി മുന്നോട്ടു വെച്ചു (ശിക്ഷയിൽ ഇളവ് നൽകിയ ഉത്തരവുമായി ബന്ധപ്പെട്ട രേഖകൾ നൽകാനുള്ള സുപ്രീം കോടതി ഉത്തരവിനെപ്പോലും ഗുജറാത്ത് സർക്കാർ അനുസരിക്കാതിരിക്കുകയാണ് ചെയ്തത്).

ക്രമേണ, പിന്നീട് പൊടുന്നനെ, സ്വന്തം പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനമാകെ കലാപഭരിതമായപ്പോൾ പ്രധാനമന്ത്രിക്ക് തികഞ്ഞ മൗനം പാലിക്കാൻ കഴിയുന്നൊരവസ്ഥയിലേക്ക് നമ്മളെത്തി- സുപ്രീം കോടതി സ്വമേധയാ വിഷയം പരിഗണിക്കുകയും തങ്ങൾക്ക് നടപടിയെടുക്കേണ്ടിവരുമെന്ന് പറയുകയും ചെയ്തതോടെ ഒടുവിൽ വായ തുറന്ന പ്രധാനമന്ത്രി കേവലം 36 സെക്കന്റുകളാണ് മണിപ്പൂരിലെ കൊടുംകുറ്റകൃത്യങ്ങളെക്കുറിച്ചു സംസാരിച്ചത്. അതും ക്ഷുദ്രമായ രാഷ്ട്രീയ തിരിഞ്ഞുകളിയുടെ വർത്തമാനമായിരുന്നു.

ആർക്കും തിരിച്ചു ചോദ്യങ്ങളുന്നയിക്കാൻ കഴിയാത്ത, പാർലമെന്റിനു പുറത്താണ് പ്രധാനമന്ത്രി സംസാരിച്ചത്. പിന്നീട് പാർലമെന്റ് നടപടികളിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി.

വടക്കു കിഴക്കൻ മേഖലയുടെ വികസനത്തിനായി മാത്രം നമുക്കൊരു മന്ത്രിയുണ്ട്. സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കിഷൻ റെഡ്‌ഡിയോട് ചോദിച്ചപ്പോൾ, “എനിക്കതുമായി ബന്ധമില്ല, ഞാൻ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കില്ല” എന്നായിരുന്നു മറുപടി.
കഴിഞ്ഞ ഒമ്പതു കൊല്ലങ്ങളായി വലുതും ചെറുതുമായ, ശ്രദ്ധിക്കപ്പെടാത്തതും പരസ്യമാക്കാത്തതുമായ നിരവധി അടികൾ ഓരോ മാസവും, ഓരോ വർഷവും നാം മുന്നോട്ടു വെച്ചു. ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു: മണിപ്പൂർ കുറ്റകൃത്യത്തിലെ ഒരു പ്രതിയെ പിടികൂടിയ അതേ ദിവസം തന്നെ ലൈംഗികപീഡന കേസിലെ പ്രതിയായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബി ജെ പിയുടെ ബാഹുബലി രാഷ്ട്രീയക്കാരൻ ബ്രിജ്‌ഭുഷൻ ശരൺ സിങ്ങിന് ദൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു, സർക്കാർ ജാമ്യ അപേക്ഷയെ ‘എതിർക്കുകയോ അനുകൂലിക്കുകയോ’ ചെയ്തില്ല. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ രാം റഹീമിന് രണ്ടു വർഷത്തിന്റെ അഞ്ചാമത്തെ പരോൾ അനുവദിക്കപ്പെട്ടു- ഇത്തവണ 30 ദിവസത്തേക്കാണ്, അയാൾക്ക് തന്റെ “പിറന്നാൾ ആഘോഷിക്കാൻ”!. ഇക്കാലയളവിൽ ഇത് 140 ദിവസത്തെ പരോളായി.

രാജ്യത്തെ മുഴുവൻ തെറിവിളിക്കുന്ന പോലെ മണിപ്പൂർ വിഷയത്തിൽ ബി ജെ പി ബ്രിജ് ഭൂഷനെക്കൊണ്ട് വാർത്താസമ്മേളനത്തിൽ പ്രതികരണം പുറപ്പെടുവിപ്പിച്ചു, “അപലപനീയം” പോലും.

എന്തുകൊണ്ടാണ് 70 ദിവസമായിട്ടും ഒരു നടപടിയെടുക്കാഞ്ഞതെന്ന് ചോദിച്ചപ്പോൾ ഇതിലെന്തിരിക്കുന്നു എന്ന മട്ടിൽ സംസ്ഥാനത്ത് ഇതുപോലെ നൂറുകണക്കിന് എഫ് ഐ ആറുകൾ ഉണ്ടെന്നും ഇതൊക്കെക്കൊണ്ടാണ് ഇന്റർനെറ്റ് നിരോധിച്ചതെന്നും മറുപടി നൽകിയ സംസ്ഥാന മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു. സമാധാനം സ്ഥാപിക്കാനല്ല മറിച്ച് ആസൂത്രിതമായ അക്രമങ്ങളുടെ വിവരങ്ങൾ പുറത്തെത്താതിരിക്കാനാണ് ഇന്റർനെറ്റ് നിരോധനമെന്ന് ഒരു മടിയും കൂടാതെ സമ്മതിക്കുകയായിരുന്നു.

“സംസ്ഥാനത്തിന്റെ പ്രതിച്ഛായ” മോശമാക്കിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ തന്റെ കക്ഷി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നുകൂടി പറഞ്ഞതോടെ പരിപാടി ഒന്നുകൂടി ഗംഭീരമായി.

അതൊന്നുകൂടി സാവകാശം വായിക്കുക: തന്റെ ഭരണത്തിന് കീഴിൽ നടന്ന, തനിക്കറിയാമായിരുന്ന, തനിക്ക് തടയാൻ കഴിയുമായിരുന്ന, അത് തടയാൻ ഒന്നും ചെയ്യാതിരുന്ന, ഹീനമായൊരു കുറ്റകൃത്യത്തിന്റെ ദൃശ്യം പുറത്തുവന്നതിനെതിരെ മുഖ്യമന്ത്രി ബീരേൻ സിങ് പ്രതിഷേധിക്കുന്നു. തന്റെ ഭരണത്തിൽ മണിപ്പൂർ എന്ന സംസ്ഥാനം തീർത്തും അരാജകമായൊരു അവസ്ഥയിലാണ് എന്നതോ കുറ്റകൃത്യമോ അല്ല, അതിന്റെ തെളിവ് പുറത്തുവന്നതാണ് സംസ്ഥാനത്തിന്റെ പ്രതിച്ഛായ നഷ്ടമായി അദ്ദേഹം കാണുന്നത്.

ദൃശ്യം പുറത്തുവന്നപ്പോൾ പോലീസിനോട് നടപടിയെടുക്കാൻ സ്വമേധയാ ആവശ്യപ്പെട്ടു എന്നവകാശപ്പെട്ടയാളാണ് ഇത് പറയുന്നത്. രണ്ടു മാസം മുമ്പ് എഫ് ഐ ആർ ഇട്ട, പോലീസിന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കുറ്റകൃത്യത്തിൽ എങ്ങനെയാണ് രണ്ടു മാസത്തിനു ശേഷം നിങ്ങൾക്ക് ഉൾവിളി പോലെ ‘സ്വമേധയാ’ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു എന്ന അവകാശപ്പെടാനാവുക.

ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് സമിതിയിൽ- ഒരിക്കൽ വെങ്കയ്യ നായിഡു അധ്യക്ഷനായിരുന്ന അതേ സമിതി- മണിപ്പൂരിൽ നടക്കുന്ന ആഭ്യന്തര യുദ്ധസമാനമായ അവസ്ഥ ചർച്ച ചെയ്യുന്നത് തടയപ്പെട്ടു.

മണിപ്പൂർ സംഭവത്തിന്റെ വാർത്തകൾ വന്നയുടൻ കുറ്റകൃത്യം സംബന്ധിച്ച എല്ലാ ദൃശ്യങ്ങളും നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടതായിരുന്നു സർക്കാരിന്റെ ആദ്യനീക്കം. പ്രതികളെ പിടിക്കാൻ സഹായകമായി എന്ന മണിപ്പൂർ പൊലീസ് പിന്നീട് സമ്മതിച്ച അതേ ദൃശ്യങ്ങളാണിവ എന്നോർക്കണം.

പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിന് ഒരു ദിവസം മുമ്പായി മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന സർക്കാർ പറഞ്ഞു- എന്നാൽ പ്രധാനമന്ത്രി വിട്ടുനിന്നു, ആഭ്യന്തര മന്ത്രിയും വന്നില്ല. ചർച്ചകളില്ലാതെ പാർലമെന്റ് രണ്ടു ദിവസവും പിരിഞ്ഞു. വിഷയം ചർച്ച ചെയ്യാൻ താത്പര്യമെടുക്കുന്നില്ലെന്ന് ബി ജെ പി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.

പ്രശ്നം തലതിരിച്ചിട്ട് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനു മുമ്പുതന്നെ മണിപ്പൂർ ദൃശ്യത്തെ ദേശ സുരക്ഷയുമായി ബന്ധപ്പെടുത്തി വനിതാ ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രണ്ടു സ്ത്രീകളെ -അതിലൊരു സ്ത്രീ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയാണ്- നൂറുകണക്കിന് പുരുഷന്മാർ ആയിരക്കണക്കിനാളുകളുടെ മുന്നിലൂടെ നഗ്നരാക്കി നടത്തിച്ച് ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നത് ദേശ സുരക്ഷയെ ബാധിക്കുമെന്നാണ് അവർ കണ്ടെത്തിയത്. ആയിരക്കണക്കിന് ആയുധങ്ങളും പതിനായിരക്കണക്കിന് വെടിത്തിരകളും പോലീസിന്റെയും സായുധ സേനയുടെയും പക്കൽനിന്നും കൊള്ളയടിക്കപ്പെട്ടതും അതെല്ലാം അജ്ഞാതരായ ആളുകളുടെ കയ്യിലെത്തിയതും ദേശ സുരക്ഷയുടെ പ്രശ്നമായി മന്ത്രിക്ക് തോന്നിയില്ല.

(അതിനിടയിൽ, ഈ വര്ഷം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാനിലെ ബലാത്സംഗ കുറ്റകൃത്യത്തിൽ സ്മൃതി ഇറാനി വലിയ ആശങ്ക പ്രകടിപ്പിച്ചു. എന്തായാലും അവിടെ ആരും പറയാതെത്തന്നെ പൊലീസ് വളരെ വേഗത്തിൽ കുറ്റവാളികളെ പിടികൂടി. പോലീസ് പറയുന്നപോലെ മൂന്ന് പ്രതികളും ബി ജെ പിയുടെ യുവ വിഭാഗവുമായി ബന്ധപ്പെട്ടവരാണോ എന്നത് ഉറപ്പിക്കേണ്ട. പശ്ചിമ ബംഗാളിൽ നിന്നുള്ള സംഭവത്തെക്കുറിച്ചാണെങ്കിൽ പൊലീസിന് ഏറ്റവും പുതിയതായി നൽകാനുള്ള വിവരങ്ങളുണ്ട്. രാജസ്ഥാനിലെ ജോധ്പ്പൂരിൽ കൂട്ടബലാത്സംഗം നടന്ന വാർത്തയുമായാണ് ഹിമാന്ത ബിശ്വാസ് ശർമ്മ വന്നതെങ്കിൽ അതിലെ പ്രതികൾ ഇതിനകം കസ്റ്റഡിയിലാണ്, മാത്രവുമല്ല അതിലൊരാൾ ബി ജെ പിയുടെ വിദ്യാർത്ഥി വിഭാഗത്തിലുള്ളയാളുമാണ്).

ബി ജെ പി നേതാവ് ദിലീപ് ഘോഷ് പറയുന്നത് പാർലമെന്റ് സമ്മേളനത്തിന് മുമ്പ് ദൃശ്യങ്ങൾ പുറത്താക്കിയത് ബോധപൂർവ്വമാണെന്നും അങ്ങനെ പ്രതിപക്ഷത്തിന് അടിസ്ഥാനമില്ലാത്ത ഒരു വിഷയം ചർച്ച ചെയ്യാനുള്ള അവസരത്തിനുമാണെന്നാണ്.

ഘോഷിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അറിയേണ്ട കാര്യം Hoineilhing Sitlhou ഈ സംഭവം ജൂൺ 1-നു തന്നെ റിപ്പോർട്ട് ചെയ്തിരുന്നു എന്നും വ്യാപകമായി പ്രചരിച്ച ഒരു വ്യാജ വാർത്തയുടെ പരിണിതഫലമാണ് ഈ സംഭവമെന്നുകൂടി സൂചിപ്പിച്ചിട്ടുണ്ട് എന്നുമാണ്.സോണാൽ മതാരു ഈ സംഭവം ജൂൺ 12-നു റിപ്പോർട് ചെയ്തു. Makepeace Sitlhou ഇത് പറയുന്നു; മറ്റു സമയങ്ങളിൽ ഇത്തരം വാർത്തകൾ ലഭിച്ചാൽ റിപോർട്ടർമാരുടെ ഒഴുക്കായിരിക്കും; എന്നാലിവിടെ ആരും ശ്രദ്ധിച്ചില്ല, ആരും കണക്കിലെടുത്തില്ല.

ഇത്തരത്തിലുള്ള അതിക്രമങ്ങളിൽ പരിഹാരത്തിനായി ഇടപെടേണ്ട ദേശീയ വനിതാ കമ്മീഷനെ മണിപ്പൂർ അതിക്രമത്തെക്കുറിച്ചും സമാന സ്വഭാവമുള്ള സംഭവങ്ങളെക്കുറിച്ച് ജൂൺ 12-നു തന്നെ അറിയിച്ചിരുന്നു. അവരൊന്നും പറഞ്ഞില്ല, ഒന്നും ചെയ്തില്ല. ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറയുന്നത് തങ്ങൾക്ക് കിട്ടിയ പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തിരുന്നു എന്നാണ്. അത് ചെയ്യാൻ ഒരു പോസ്റ്റുമാൻ മതിയായിരുന്നു.

ഇത്തരത്തിലുള്ള അതിഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികൾ അയച്ചുകൊടുത്തിട്ട് മറുപടിയൊന്നും കിട്ടിയില്ലെങ്കിൽ നിങ്ങളെന്താണ് ചെയ്യുക എന്നതാണ് ചോദ്യം. വനിതാ കമ്മീഷൻ അത് സംസ്ഥാന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമോ? വനിതാ ക്ഷേമത്തിനായുള്ള കേന്ദ്ര മന്ത്രിയുടെ? വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള മന്ത്രിയുടെ? ആഭ്യന്തര മന്ത്രിയുടെ?

(ഇത്തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ മാധ്യമങ്ങൾക്കറിയാം. ഇത് പതിവ് പാഠമാണ്; ഒരു സ്ഥാപനം ആരോപിതരാകുമ്പോൾ, വലിയ കുറ്റകൃത്യങ്ങളെ അവഗണിക്കുമ്പോൾ, ആരുടെയെങ്കിലും മുഖത്തേക്ക് മൈക്ക് നീട്ടിപ്പിടിച്ചാൽ, സ്വയം കുറ്റവിമുക്തരാക്കുന്ന ഒരു പ്രസ്താവന കിട്ടിയാൽ, നമ്മുടെ ജോലി തീർന്നു)

സംസ്ഥാനത്തേക്ക് ഉന്നതന്മാർ നടത്തിയ സന്ദർശനങ്ങൾ ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. മെയ് 27-നു ചീഫ് ഓഫ് സ്റ്റാഫ് മനോജ് പാണ്ഡെയുടെ സന്ദർശനം അത്തരത്തിലൊന്നായിരുന്നു. മെയ് 29 മുതൽ നാല് ദിവസം സംസ്ഥാനത്ത് സന്ദർശനം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ സുരക്ഷാ ഉദ്യോഗസ്ഥരും വിഭാഗക്കാരുടെ ചർച്ചകൾ നടത്തി- ഈ അക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളൊന്നും അദ്ദേഹത്തിന് മുന്നിൽ എത്തിയില്ലെന്നു വേണം നാം കരുതാൻ. ആസാം മുഖ്യമന്ത്രിയും വടക്കു കിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ തലവനുമായ ഹിമാന്ത ബിശ്വാസ് ശർമ്മ ജൂൺ 10-നെത്തി.

സർക്കാർ ജൂൺ 4-നു മുൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.

ഇത്തരം സന്ദർശനങ്ങളും അന്വേഷണങ്ങളും കൂടാതെ ജൂൺ 24-നു ഷാ ഡൽഹിയിൽ ഒരു സർവ്വകക്ഷി സമ്മേളനം വിളിച്ചുചേർത്തു. മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മോഡി ഒരു “ഇന്നതതല യോഗം” ചേർന്നു.

ഇത്രയൊക്കെയായിട്ടും, രാജാവിന്റെ പരിവാരങ്ങളും കുന്തക്കാരും പടയാളികളും രാജാവ് തന്നെയും ഇങ്ങനെയൊക്കെ ഇറങ്ങിയിട്ടും പൊലീസ് അതിഹീനമായ കുറ്റകൃത്യങ്ങളിൽ “നൂറുകണക്കിന് എഫ് ഐ ആർ” രേഖപ്പെടുത്തിയതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നുവെന്നോ? ഇതിനു നൽകാവുന്ന ഏറ്റവും മെച്ചപ്പെട്ട വ്യാഖ്യാനം പാർട്ടിയുടെയും വിവിധ സ്ഥാപനങ്ങളുടേയും എല്ലാ തലങ്ങളിലുമുള്ള തികഞ്ഞ കഴിവുകേടാണ് സൂചിപ്പിക്കുന്നത് എന്നാണ്. ഏറ്റവും മോശം വ്യാഖ്യാനത്തിലാണെങ്കിൽ അവരെല്ലാം ഇതിൽ കൂട്ടുകക്ഷികളാണ് എന്നതാണ്.

ടെലിവിഷൻ ചാനലുകൾ ചർച്ച വഴിതിരിച്ചുവിടാൻ പരമാവധി ശ്രമിച്ചപ്പോൾ “വാർത്ത” ഏജൻസി എന്നവകാശപ്പെടുന്ന ANI മണിപ്പൂരിലെ കലക്കവെള്ളത്തിൽനിന്നും മീൻപിടിക്കാനുള്ള ശ്രമം നടത്തുകയും രണ്ടു തവണ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള, പിന്നീട് വ്യാജമെന്ന് തെളിഞ്ഞ വാർത്തകൾ നൽകുകയും ചെയ്തു. ആദ്യം, മണിപ്പൂരിലെ ഗോത്ര നേതാക്കളുടെ ഒരു സംഘം കുക്കി-സൊ വിഭാഗങ്ങളോട് മാപ്പപേക്ഷിച്ചു എന്നവർ വാർത്ത നൽകി. പിന്നീടിത് തെറ്റായൊരു വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് അവർ ചൂണ്ടിക്കാട്ടിയപ്പോൾ പിന്വലിക്കേണ്ടിവന്നു.
മണിപ്പൂരിൽ നടന്ന ഹീനമായ അതിക്രമത്തിൽ പിടികൂടപ്പെട്ടവരിൽ ഒരു മുസ്ലീമുണ്ടെന്ന് അവർ പേര് സഹിതം വാർത്ത നൽകി. പിന്നീട് ചില ട്വീറ്റുകൾ തെറ്റായി വായിച്ചു നൽകിയ ആ വാർത്തയുടെ പേരിൽ അവർ ഖേദം പ്രകടിപ്പിച്ചു.

ഇന്ത്യയിലെമ്പാടും ലേഖകരും വാർത്താശേഖകരുമുള്ള ഏറ്റവും വലിയ വാർത്ത ഏജൻസിക്ക് വ്യാജ വാർത്ത കുറിപ്പുകളും ട്വീറ്ററുകളും ആധാരമാക്കിയുള്ള വാർത്തകൾ നൽകുന്നതിന് മുമ്പ് ഒരു പരിശോധിക്കാനുള്ള സംവിധാനമില്ലെന്നാണോ? പ്രത്യേകിച്ചും ഇത്രയും ഇത്രയും കലുഷിതമായ ഒരു അന്തരീക്ഷത്തിൽ ? ആരാണ് ആ വാർത്താ വിഭാഗത്തിന്റെ ചുമതലയിലുള്ളത്, എന്തുകൊണ്ടാണ് അയാൾ/അവൾ ഇപ്പോഴും ആ ചുമതലയിൽ തുടരുന്നത് ?

ഇത്തരം പിഴവുകളൊക്കെ ഉത്തമവിശ്വാസത്തിൽ നടന്നതാണെന്ന് കരുതുക- എത്ര അപകടകരമാണ് അവ, എന്തെങ്കിലും തരത്തിലുള്ള ആഭ്യന്തര അവലോകനം ഉണ്ടായോ? ഉത്തരവാദിത്തം ആരുടേയെന്ന് കണ്ടെത്തിയോ? ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ വ്യവസ്ഥാപിതമായ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയോ? ANI എഡിറ്റർ സ്മിത പ്രകാശും അവരുടെ മകനും വാർത്തകളുടെ വസ്തുത പരിശോധകരെ തങ്ങളുടെ സ്റ്റുഡിയോയിലിരുന്ന് വെല്ലുവിളിക്കുക മാത്രമാണുണ്ടായത്.

ഇവയെല്ലാം ദുരുദ്ദേശമില്ലാത്ത പിഴവുകൾ മാത്രമാണെങ്കിൽ, അതിലേക്കുള്ള വഴിയെന്താണെന്ന് ഞാൻ കാണിക്കാം…

അപ്പോൾ എങ്ങനെയാണ് നാമിവിടെ എത്തിയത്? അതിങ്ങനെയാണ്; ഭരണകക്ഷി, അവരുടെ ഗൂഢോദ്ദേശ്യങ്ങൾക്കായി അറിഞ്ഞുകൊണ്ടുതന്നെ ഒരു സംസ്ഥാനം ആളിക്കത്തുന്നതിനു കൂട്ടുനിന്നു. ഇത് തിരിച്ചറിയപ്പെട്ടപ്പോൾ അവരുടെ മന്ത്രിമാരും സഹയാത്രികരും ചർച്ച വഴിതിരിച്ചുവിടാനും ശ്രദ്ധ തിരിക്കാനും വ്യക്ത്യാധിക്ഷേപങ്ങൾക്കും ഒരു മറയുമില്ലാതെ ശ്രമിച്ചുകൊണ്ടിരുന്നു. വിധേയരായ മാധ്യമങ്ങൾ, പ്രത്യേകിച്ച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ ഈ ശ്രമങ്ങളെ കലവറയില്ലാതെ പിന്തുണച്ചു. വിധേയരായ വാർത്ത ഏജൻസിയാകട്ടെ എരിതീയിൽ എണ്ണയൊഴിക്കും വിധത്തിൽ വ്യാജ വാർത്തകൾ നൽകി. ഇതിനെല്ലാമിടയിൽ നമ്മൾ-പൗരസമൂഹം- കണ്ടുകൊണ്ട് നിൽക്കുന്നു, കാഴ്ച കാണുന്നത് ഇപ്പോഴും തുടരുന്നു.

കാലക്രമേണ കാലം/ ബാലറ്റ് പെട്ടി ഈ സർക്കാരിന്റെ പതനം കാണുകതന്നെ ചെയ്യും. പക്ഷെ ക്രമമായും പൊടുന്നനെയും സമൂഹത്തിന്റെ കൂട്ടായ മനസാക്ഷിയെ മൃതമാക്കിക്കൊണ്ട് സമൂഹത്തോട് ചെയ്ത ഈ മഹാപാതകം, ഈ ഭരണത്തിന്റെ അടയാളമായി അവശേഷിക്കും.
ഒപ്പം നമ്മുടെയും.
കൂടുതൽ വായനക്ക്

  1. One of the Manipur atrocity survivors recounts how the police watched the horror and made no move to help; another speaks to her ordeal. Another account suggests that the police deliberately drove the women into the arms of the mob. And more stories of unspeakable atrocities have begun to surface, including the story of an 80-year-old woman, wife of a freedom fighter, who was burnt alive, and this story of an 18-year-old who was handed over by a group of women to four masked men who gang-raped her.
  2. Meanwhile, now Meiteis have begun to flee out of neighboring Mizoram, and the Manipur government says it is willing to arrange aircraft to facilitate the exodus.
  3. Splainer has a round-up of the most recent events from Manipur, with copious links
  4. Makepeace Sitlhou on the indigenous politics that have paved the way for the current clashes
  5. Apar Gupta on why internet bans will not help restore peace
  6. Dushyant Dave on why the Supreme Court needs to be more proactive on Manipur
  7. Pratap Bhanu Mehta’s scathing oped on the latest developments and what it says about us as a society
  8. Samar Halarnkar on Manipur and the BJP’s manipulations
  9. Sreemoy Talukdar unpacks the complexities underlying the current conflagration in Manipur

Archival: A 2019 longform story in Caravan on the RSS push into the north-east
In passing, have you considered the mystery of the missing home minister? Keep an eye open, something doesn’t smell right.

കടപ്പാട്- SMOKE SIGNALS
LINK: https://prempanicker.wordpress.com/2023/07/23/twtwtw-july-23

പ്രേം പണിക്കർ
മാധ്യമ പ്രവർത്തകൻ. INDIASPEND എന്ന വാർത്താ പോർട്ടലിന്റെ പത്രാധിപ സമിതി അം​ഗം. SMOKE SIGNALS എന്ന വാർത്താ അധിഷ്ഠിത വെബ്പോർട്ടലും നടത്തുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular