ദില്ലി നഗരത്തിലെ വായുമലിനീകരണത്തിന്റെ കാരണം വയ്ക്കോൽ കത്തിക്കുന്നതു മാത്രമല്ലഃ സുപ്രീം കോടതി

ദില്ലി നഗരത്തിലെ വായുമലിനീകരണത്തിന്റെ കാരണം അയൽ സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോൽ കത്തിക്കുന്നതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. വൈക്കോൽ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായുമലിനീകരണം വെറും പത്ത് ശതമാനമാണെന്നും മറ്റ് കാരണങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിക്കുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ വാദങ്ങൾ നിരത്തി മുന്നോട്ട് പോകാനാവില്ലെന്നും കോടതി പറഞ്ഞു.

കേന്ദ്ര സർക്കാരിനോട് നാളെ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ യോഗം അടിയന്തരമായി വിളിക്കാനും കോടതി നിർദ്ദേശിച്ചു.ഡൽഹിയിൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ, ഫാക്ടറികൾ, അവിടെ ഓടുന്ന വാഹനങ്ങൾ, ഡൽഹിയിലും ചുറ്റിലുമായി നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വായു മലിനീകരണത്തിന് കാരണമാകുന്ന എല്ലാ പ്രശ്നങ്ങളേയും അടിയന്തരമായി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പഞ്ചാബ്.ഹരിയാന സർക്കാരുകളോട് വൈക്കോൽ കത്തിക്കുന്നതിൽ നിന്ന് അടുത്ത രണ്ടാഴ്ചത്തേക്ക് കർഷകരെ വിലക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തന്നെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കർഷകർ വയ്ക്കോൽ കത്തിക്കുന്നത് കൊണ്ടുണ്ടാകുന്ന വായുമലിനീകരണം 10 ശതമാനം മാത്രമാണെന്ന് പറയുന്നുണ്ടല്ലോ എന്ന കോ‌ടതിയുടെ ചോദ്യത്തിന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ശരിയായ ഒരു മറുപടി ഉണ്ടായിരുന്നില്ല. നവംബർ 13-ാം തീയതി ഈ കേസ് പരിഗണിക്കുന്ന വേളയിൽ കൃഷിയുടെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന വൈക്കോൽ വ്യാവസികാവശ്യത്തിന് ഉപയോഗിച്ചു കൂടേയെന്ന് ഈ ബഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്ത് മിശ്ര ചോദിച്ചിരുന്നു. ഇതിനും കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി പറഞ്ഞില്ല. നഗരകേന്ദ്രീകൃതമായ പ്രശ്നങ്ങൾക്ക് കർഷകരെ മാത്രം കുറ്റപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഇതിനു മുമ്പ് ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ എന്താണെന്നും കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടു.

അന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ഒരാഴ്ചത്തേക്ക് സ്കൂളുകളും കോളേജുകളും അടച്ചിടാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചു കളി ഡൽഹിയിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നതാണ്. എല്ലാ പ്രധാനപ്പെട്ട കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും കോ‌ടതി ഇടപെടൽ ആശ്വാസകരമാകുമെന്നാണ് ഡൽഹി നിവാസികളുടെ വിശ്വാസം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular