അഭയാർഥി പ്രശ്നത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും കഥ പറഞ്ഞ് ലിഡ നാസിരി

സൗന്ദര്യത്തിന്‍റെ മാത്രമല്ല ബുദ്ധിയുടെയും വ്യക്തിത്വത്തിന്റെയും കൂടി മാറ്റുരയ്ക്കൽ വേദിയാണ് സൗന്ദര്യ മത്സരങ്ങൾ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രചാരണം നല്‍കാന്‍ വേണ്ടിയും ഈ മത്സരത്തിൽ പങ്കെടുക്കുന്നവരുണ്ട്.ഇത്തവണ മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ പങ്കെടുത്ത ലിഡ നാസിരി എന്ന 26കാരി പറഞ്ഞത് അഭയാർഥി പ്രശ്നത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും ചുട്ടുപൊള്ളുന്ന ഭൂതകാലത്തെക്കുറിച്ചാണ്.

താലിബാനെ പേടിച്ച് കുടുംബം അഫ്ഗാനിസ്ഥാന്‍ വിടുമ്പോൾ ലിഡയ്ക്ക് മൂന്നു വയസ്സ്. തുടർന്നുള്ള 10 വര്‍ഷത്തോളം പലവിധ പ്രശ്നങ്ങളിലൂടെയാണു താനും കുടുംബവും കടന്ന് പോയതെന്ന് ലിഡ പറയുന്നു. കാബൂളില്‍ ജനിച്ച ലിഡ അമ്മ ബ്രിഷ്നയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം 1990കളിലാണ് അഫ്ഗാനിസ്ഥാന്‍ വിടുന്നത്. ആദ്യം ഇറാനിലേക്ക് പോയ കുടുംബം അവിടെ നിന്നും റഷ്യയിലേക്ക് എത്തി. റഷ്യയിൽ രണ്ടു വര്‍ഷത്തോളം ജോലി ചെയ്താണ് മനുഷ്യക്കടത്തു സംഘത്തിന് കൊടുക്കാനുള്ള പണം അമ്മ സംഘടിപ്പിച്ചത്. ആ സംഘം ലിഡയുടെ കുടുംബത്തെ ആദ്യം പോളണ്ടിലും പിന്നെ ജർമ്മനിയിലും എത്തിച്ചു.

പോളണ്ടിലേക്ക് വലിയൊരു കൂട്ടം അഭയാര്‍ഥികൾക്കൊപ്പം കാല്‍നടയായാണു തങ്ങള്‍ സഞ്ചരിച്ചതെന്ന് ലിഡ പറയുന്നു. ചിലപ്പോൾ ലോറിയിൽ കുത്തിനിറച്ച് മണിക്കൂറുകൾ നീളുന്ന യാത്രകൾ. പോളണ്ടില്‍ നിന്ന് കടല്‍ മാർഗം ജര്‍മ്മനിയിലെത്തിയ കുടുംബം 2001ല്‍ നെതര്‍ലാന്‍ഡ്സില്‍ അഭയം തേടി. അവിടെ നിന്ന് നിയമവിധേയമായാണു ലിഡ 2011ല്‍ ബ്രിട്ടനില്‍ എത്തിയത്. തുടര്‍ന്ന് ബ്രിട്ടനില്‍ സ്ഥിര പൗരത്വം ലഭിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിലെ പബ്ലിക് റിലേഷന്‍സിലാണ് ജോലി ചെയ്യുന്നത്

സുരക്ഷയും സമാധാനവും തേടിയുള്ള തങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട അലച്ചിലും ജീവിതദുരിതങ്ങളും പ്രകാശിപ്പിക്കാനുള്ള വേദിയായിട്ടാണ് മിസ് ഇംഗ്ലണ്ട് മത്സരത്തെ കാണുന്നതെന്ന് ലിഡ പറയുന്നു. ഏത് നിമിഷവും ജീവന്‍ പോകാമെന്നും ഉറ്റവരെ നഷ്ടപ്പെടാമെന്നുമുള്ള യാഥാർഥ്യത്തിന്‍റെ തിരിച്ചറിവായിരുന്നു ഈ പ്രയാണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ലിഡ കൂട്ടിച്ചേർക്കുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular