അരി സമ്പുഷ്ടീകരണ പദ്ധതികളെ കേന്ദ്രം അട്ടിമറിച്ചെന്ന നീതി ആയോ​ഗ് റിപ്പോർട്ട് – ഭാ​ഗം രണ്ട്

ഉന്നത ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ധരും ഇരുമ്പ് സമ്പുഷ്‌ടീകരിച്ച അരി മനുഷ്യന്റെ ആരോഗ്യത്തിൽ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ മനസ്സിലാക്കാൻ വിപുലമായ കൂടിയാലോചനകൾ ആവശ്യപ്പെട്ടിട്ടും 80 കോടി ഇന്ത്യക്കാർക്ക് ഈ അരി നൽകണമെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഉത്തരവിട്ടതെങ്ങനെയെന്ന് പരമ്പരയുടെ ഒന്നാം ഭാഗം വെളിപ്പെടുത്തി.പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് കൊടുക്കുന്നത് സംബന്ധിച്ച്. .

കേന്ദ്രസർക്കാരിന്റെ എല്ലാ ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കും സമ്പുഷ്‌ടീകരിച്ച അരി നിർബന്ധമാക്കാനുള്ള ഉത്തരവുകൾ പാസായതോടെ, ഈ അരിയുടെ വിതരണം ഉറപ്പാക്കാൻ വേണ്ട സൗകര്യങ്ങൾ എങ്ങനെ തയ്യാറാക്കിയിട്ടുണ്ടെന്നും പരിപാടിക്ക് മുമ്പ് എന്തെല്ലാം തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും പഠിക്കാൻ നിതി ആയോഗ് തീരുമാനിച്ചു. അതിനെ തുടർന്ന് പൈലറ്റ് പ്രൊജെക്ടുകളോടുള്ള സംസ്ഥാനങ്ങളുടെ മോശം പ്രതികരണങ്ങൾ, മോശം ഗുണനിലവാര നിയന്ത്രണം, അയഞ്ഞ ശാസ്ത്രീയ പാരാമീറ്ററുകൾ, മോശം മേൽനോട്ടം എന്നീ പ്രശ്നങ്ങൾ കണ്ടെത്തുകയുണ്ടായി. ഇങ്ങനെ രഹസ്യമായി തയ്യാറക്കിയ റിപ്പോർട്ട് എന്തായാലും കാര്യമായ ഫലം ചെയ്തില്ല . 2021 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്പുഷ്‌ടീകരിച്ച അരി സാർവത്രികമാക്കാനുള്ള മഹത്തായ പ്രഖ്യാപനത്തിനും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് 2022 ഏപ്രിലിൽ സർക്കാർ ഒരു പരിപാടി അവതരിപ്പിച്ചതിനും ശേഷം, പരാജയപ്പെട്ട പൈലറ്റ് പ്രോജക്ടുകളെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ആരും കാര്യമായിയെടുത്തില്ല.

ഗുരുതരമായ പോരായ്മകൾ

സമ്പുഷ്‌ടീകരിച്ച അരി തയ്യാറാക്കുന്നത് സാധാരണ അരി പൊടിച്ചു സൂക്ഷ്മ പോഷകങ്ങളുമായി കൂട്ടി കലർത്തിയാണ്. ഇത് പ്രീമിക്സ് എന്നറിയപ്പെടുന്നു. ഈ മാവ് പിന്നീട് അരിയോട് സാമ്യമുള്ള തരത്തിൽ ഒരു മെഷീൻ വഴി ഉണ്ടാക്കുന്നു . ഇത് ഫോർട്ടിഫൈഡ് റൈസ് കേർണലുകൾ (FRK) എന്നറിയപ്പെടുന്നു. അത്തരത്തിലുള്ള ഒരു കേർണൽ/ അരിമണി , 100 സാധാരണ അരിമണികളുമായി കലർത്തി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്നു.

പദ്ധതി നടപ്പാക്കുന്ന 11 ജില്ലകളിൽ 7 എണ്ണം സന്ദർശിച്ചതിന് ശേഷം, നിതി ആയോഗ്, സമ്പുഷ്‌ടീകരിച്ച അരി കേർണലുകൾ തയ്യാറാക്കുന്നത് മുതൽ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പ്രധാന വീഴ്ചകൾ കണ്ടെത്തി . സൂക്ഷ്മ പോഷകങ്ങളുടെ കുറഞ്ഞ അളവും അമിത അളവും ഉണ്ടാകാതിരിക്കാൻ ,ഉപയോഗിക്കുന്ന പ്രീമിക്‌സിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രക്രിയയും ജില്ലകളിൽ ഒന്നുമില്ലെന്ന് അവർ കണ്ടെത്തി. സ്‌കൂളുകൾ, അങ്കണവാടികൾ (സംസ്ഥാന സർക്കാർ നടത്തുന്ന ഡേകെയർ.അത് ശിശുക്കൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സേവനം നൽകുന്നു)) എന്നിവയിലെത്തിയ സമ്പുഷ്‌ടീകരിച്ച അരിയുടെ സാമ്പിൾ ആരും പരിശോധിച്ചില്ല. ഗുണനിലവാരത്തിനായി കേന്ദ്രം മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞിട്ടും , പദ്ധതി എങ്ങനെ നടപ്പാക്കുന്നുവെന്ന് വിലയിരുത്താൻ ആരും പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടില്ലെന്നും അവർ കണ്ടെത്തി.ജീവിതശൈലി മാറ്റമൊന്നും ആവശ്യപ്പെടാത്തതിനാൽ സമ്പുഷ്‌ടീകരിച്ച അരിക്ക് ഇരുമ്പ് ഗുളികയേക്കാൾ വലിയ സ്വീകാര്യത ലഭിക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദം തെറ്റിച്ച്, ഗുജറാത്തിലെ അടുക്കളകളിൽ നിന്നു തന്നെ ഈ അരിയുടെ ​ഗുണനിലവാരമില്ലായ്മയെ പറ്റിയുള്ള പരാതികൾ കേട്ടു.

ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെയും ബാധിക്കുന്ന മോദി സർക്കാരിന്റെ പ്രധാന ആരോഗ്യ നയ ഇടപെടൽ അന്ധവിശ്വാസത്തിന്റെ കുതിപ്പാണെന്ന് നീതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൈലറ്റ് പ്രൊജെക്ടുകൾക്കു എന്ത് തെറ്റ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ഞങ്ങൾ ഇവിടെ പുറത്തു വിടുകയാണ്.

ശാസ്ത്രീയ മൂല്യനിർണ്ണയത്തിന് സർവേകളൊന്നുമില്ല !

സമ്പുഷ്‌ടീകരിച്ച അരി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് സൂക്ഷ്മ പോഷകങ്ങളുടെ കുറവ് പരിഹരിക്കാനായിരിക്കുമ്പോൾ, ആദ്യം വേണ്ടത് ജനങ്ങളുടെ പോഷക കുറവിന്റെ വ്യാപ്തി സർക്കാർ അറിയണം എന്നതാണ് . ഇത് കണ്ടെത്തുന്നതിന്, ഗവേഷകർ ആദ്യം ജനസംഖ്യയിലെ പോഷകാഹാരത്തിന്റെ അളവ് നിരീക്ഷിക്കേണ്ടതുണ്ട്, അതിന്റെ കുറവ് സൂചിപ്പിക്കുന്ന മാർക്കറുകൾ നോക്കുക. ഇതിനെ അടിസ്ഥാന സർവേ എന്ന് വിളിക്കുന്നു. സമ്പുഷ്‌ടീകരിച്ച അരിയുടെ മാന്ത്രികത പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ അവർ 12-18 മാസത്തേക്ക് ഗുണഭോക്താക്കൾക്ക് ഇരുമ്പ് ചേർത്ത അരി വിതരണം ചെയ്യണം. നീതി ആയോഗിന്റെ രഹസ്യ റിപ്പോർട്ട് കാണിക്കുന്നത്, അതിന്റെ ഉദ്യോഗസ്ഥർ സന്ദർശിച്ച ജില്ലകളിലൊന്നും, “ശാസ്ത്രീയ ആഘാത വിലയിരുത്തലിന് ആവശ്യമായ” അടിസ്ഥാന സർവേ നടത്തിയിട്ടില്ല എന്നാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫോർട്ടിഫൈഡ് അരി കഴിക്കാൻ നിർബന്ധിതരാകുന്നതിന് മുമ്പ് ആളുകളുടെ വിളർച്ചയുടെ അളവ് സർക്കാരിന് അറിയില്ലായിരുന്നു, അതിനാൽ പൈലറ്റ് പഠനത്തിന്റെ അവസാനം ഈ കൃത്രിമ അരി കഴിക്കുന്നത് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്ന് നിഗമനം ചെയ്യാൻ കഴിയില്ല. അടിസ്ഥാന സർവേകളുടെ അഭാവത്തിൽ, തത്സമയ സർവേകൾ നടത്തണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, സാർവത്രിക വിതരണത്തിന് ഒരു വർഷം മാത്രം ശേഷിക്കെ ഈ പുതിയ മൂല്യനിർണ്ണയ സമ്പ്രദായം ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളു .

ഗുണമേന്മ കഷ്ടങ്ങൾ

പദ്ധതിയെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുമ്പോൾ ഭക്ഷ്യസുരക്ഷാ റെഗുലേറ്ററി അതോറിറ്റിയുടെ (FSSAI) റോൾ എന്താണെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് എഴുതി വച്ചിരുന്നു . പൗരന്മാർ കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ പരമോന്നത അതോറിറ്റിയാണ് FSSAI. സമ്പുഷ്‌ടീകരിച്ച അരി ഉൽപ്പാദിപ്പിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ഓരോ ഘട്ടത്തിലും ഗുണനിലവാരം പരിശോധിക്കാൻ എഫ്എസ്എസ്എഐയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും, അവർ അത് ചെയ്യാതെ മാറി ഇരിക്കുകയായിരുന്നു.

“എല്ലാ ജില്ലകളിലും, അരിയുടെ ഗുണനിലവാരം ഉറപ്പുനൽകുന്നതിലും നിയന്ത്രിക്കുന്നതിലും വരുമ്പോൾ, FSSAI-ക്ക് മിക്കവാറും ഒരു പങ്കുമില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവർ ഒരു ജില്ലയിലും സമ്പുഷ്‌ടീകരിച്ച അരിയോ എഫ്ആർകെയോ സംബന്ധിച്ച ഗുണനിലവാര പരിശോധന നടത്തുന്നില്ല,” റിപ്പോർട്ട് പറയുന്നു.ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളോ പ്രോട്ടോക്കോളുകളോ ലഭിച്ചിട്ടില്ലെന്ന് FSSAI ഉദ്യോഗസ്ഥർ അറിയിച്ചു. റൈസ് മില്ലുകൾക്കും എഫ്ആർകെ നിർമ്മാണ പ്ലാന്റുകൾക്കും ലൈസൻസ് നൽകുന്നതിൽ മാത്രമാണ് FSSAI ഉൾപ്പെട്ടിരിക്കുന്നത്.

FSSAI ഉദ്യോ​ഗസ്ഥരുടെ അലംഭാവം മൂലം ഏഴ് ജില്ലകളിൽ ഗുണനിലവാര നിയന്ത്രണം തകരാറിലായി. ഇതിൽ ഏറ്റവും നിർണായകമായത് -സ്‌കൂളുകൾ, അങ്കണവാടികൾ, ന്യായവില കടകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച അരിയുടെ സാമ്പിളുകളുടെ ഗുണനിലവാര പരിശോധന ഒരു ജില്ലയിലും കാണുന്നില്ല എന്നതാണ് .

അരിയുടെ ഗുണം നിയന്ത്രിക്കാനായി പ്രിമിക്‌സിന്റെ ഗുണമേന്മ പരിശോധിക്കുന്ന നടപടികളൊന്നും നിലവിലില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്രിമ അരി നിർമ്മാതാക്കൾക്കായുള്ള എഫ്എസ്എസ്എഐയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പറയുന്നത് അക്രഡിറ്റഡ് NABLലബോറട്ടറിയിൽ ഓരോ ബാച്ച് പ്രീമിക്സും പരീക്ഷിക്കണമെന്നാണ്. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള NABL എന്ന ബോർഡ്, ശാസ്ത്രീയ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾക്ക് അനുസൃതമായ ലാബുകൾക്ക് അംഗീകാരം നൽകുന്നതിന് വേണ്ടിയാണു സ്ഥാപിച്ചത് .

ഇന്ത്യയിൽ NABL-ന്റെ അംഗീകാരമുള്ള 20 ലാബുകൾ മാത്രമേ ഉള്ളൂ. ഈ ലാബുകൾക്ക് ഒരു വർഷം ഏകദേശം 2.6 ലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള ശേഷിയെ ഉള്ളു എന്ന് റിപ്പോർട്ടിൽ പറയുന്നു. പദ്ധതി സാർവത്രികമാക്കുമ്പോൾ, രണ്ട് വർഷത്തിനുള്ളിൽ, മൊത്തം പരിശോധനാ ശേഷി പ്രതിവർഷം 24 ലക്ഷം സാമ്പിളുകളിൽ എത്തേണ്ടതുണ്ട്. ഈ ലാബുകൾ കേവലം 10 സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു . ഇതും വിദൂര ജില്ലകൾക്ക് അധിക ലോജിസ്റ്റിക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.

ഉദാഹരണത്തിന്, പൈലറ്റ് പ്രോജക്ട് കേന്ദ്രങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗറിൽ, മില്ലുകളിലോ വെയർഹൗസുകളിലോ റേഷൻ കടകളിലോ സൂക്ഷ്മ പോഷകങ്ങൾക്കായി സാമ്പിളുകൾ പരിശോധിക്കുന്നില്ല. മില്ലർമാരും ജില്ലാ അധികാരികളും സമ്പുഷ്‌ടീകരിച്ച അരി കെർണൽ നിർമ്മാതാക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തലിനെയാണ് ആശ്രയിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കൽ സംസ്ഥാന ഉദ്യോഗസ്ഥർ നടത്തേണ്ട സമ്പുഷ്‌ടീകരിച്ച അരിയുടെ പോഷക വിശകലനത്തിന്റെ പരിശോധനകൾ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് നടക്കുന്നില്ല .

കലക്റ്റീവിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി, FSSAI പറഞ്ഞു, “FSSAI, ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് കീഴിൽ സമ്പുഷ്‌ടീകരിച്ച അരി കേർണലുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഓരോ യൂണിറ്റും ഫുഡ് സേഫ്റ്റിയും സ്റ്റാൻഡേർഡുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ നിർമ്മാണ യൂണിറ്റുകൾക്ക് പ്രീ-ലൈസൻസ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട് എന്നാണ് . “ഇതുകൂടാതെ, ഭക്ഷ്യ സുരക്ഷാ നിയന്ത്രണം അനുസരിച്ച് സമ്പുഷ്‌ടീകരിച്ച അരി കെർണേലിന്റെ ഗുണനിലവാരം പരിശോധിക്കാൻ നിരീക്ഷണ നടപ്പാക്കൽ സാമ്പിളുകൾ എടുക്കണം .” ഇത് നിതി ആയോഗിന്റെ രഹസ്യ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ്. ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടും വിശദമായ ചോദ്യങ്ങൾക്ക് ആയോഗ് പ്രതികരിച്ചില്ല.

“പ്ലാസ്റ്റിക് അരി”

ചില സ്ഥലങ്ങളിൽ, പൈലറ്റ് നടപ്പിലാക്കാൻ ഉത്തരവാദികളായ ജില്ലാതല ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. പ്ലേറ്റിന് ചുറ്റും തള്ളുന്ന രുചികരമല്ലാത്ത ഭക്ഷണം പോലെയാണ് സമ്പുഷ്‌ടീകരിച്ച അരിയെ അവർ കാണുന്നത്

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ (ട്രിച്ചി) ജില്ലാ ഉദ്യോഗസ്ഥർ സമ്പുഷ്‌ടീകരിച്ച അരിയുടെ ഗുണങ്ങളെക്കുറിച്ച് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു, കൂടാതെ സപ്ലിമെന്റേഷന്റെയും ഭക്ഷണ വൈവിധ്യവൽക്കരണത്തിന്റെയും രീതികൾ ഉപയോഗിക്കുന്നതിൽ അവർ കൂടുതൽ താൽപ്പര്യം കാണിക്കുന്നു” എന്ന് റിപ്പോർട്ട് അഭിപ്രായപ്പെട്ടു.

അടിത്തട്ടിൽ, സമ്പുഷ്‌ടീകരിച്ച അരിയുടെ ഉദ്ദേശ്യം, ഗുണങ്ങൾ, സംഭരണം, ഉപയോഗം, ഉപഭോഗം, എന്നിവയെക്കുറിച്ച് കുറച്ച് പേർക്ക് മാത്രമേ അറിയൂ. “പ്രാദേശിക ഉദ്യോഗസ്ഥർ, റേഷൻ ഡീലർമാർ, ഐസിഡിഎസ് (സംയോജിത ശിശുവികസന പദ്ധതികൾ), പിഎം-പോഷൻ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, പ്രാദേശിക നേതാക്കൾ, ഗ്രാമപഞ്ചായത്ത് എന്നിവർക്കിടയിൽ ബോധവൽക്കരണം പരിമിതമായത് മുതൽ ബോധവൽക്കരണമില്ലെന്ന് വരെ കണ്ടെത്തി.കൂടാതെ അരിയിലെ അസ്വാഭാവികമായ വസ്തുക്കളും ആളുകളെ ഭയപ്പെടുത്തി. ജാർഖണ്ഡിലെ സമ്പുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്ന ജില്ലകൾ സന്ദർശിച്ചപ്പോഴാണ് കളക്ടീവ് ഇക്കാര്യം കണ്ടത്.

2022 ഫെബ്രുവരിയിൽ ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ പഹാർ ടോളി എന്ന ചെറിയ ഗ്രാമത്തിൽ സമ്പുഷ്‌ടീകരിച്ച അരി ആദ്യമായി എത്തിയപ്പോൾ, രുചിയോ അനുഭവമോ തോന്നാത്ത ആ അരി കണ്ട് ഗ്രാമീണർ പിന്മാറി. പ്ലാസ്റ്റിക് അരിയാണ് തങ്ങൾക്ക് നൽകുന്നത് എന്ന് അവർ ഭയപ്പെട്ടു.

“ഞങ്ങൾ രോഗബാധിതരായി. പ്ലാസ്റ്റിക് അരി കഴിച്ച് എനിക്കും ഭർത്താവിനും വയറിളക്കം അനുഭവപ്പെട്ടു. ഞാൻ അത് കഴിക്കുന്നത് നിർത്തിയതിന് ശേഷമാണ് എന്റെ കുടലിന്റെ ആരോഗ്യം മെച്ചപ്പെട്ടത്, ”65 കാരനായ കർഷക തൊഴിലാളിയായ ബാസി മുണ്ട കളക്ടീവിനോട് പറഞ്ഞു. ബാസി പരാതിപ്പെട്ട അസുഖം യഥാർത്ഥത്തിൽ ഫോർട്ടിഫൈഡ് റൈസ് മൂലമാണോ എന്ന് സ്വതന്ത്രമായി പരിശോധിക്കാൻ കളക്ടീവിന് കഴിഞ്ഞില്ല.
“ഞങ്ങൾ പ്ലാസ്റ്റിക് അരി കത്തിക്കാൻ ശ്രമിച്ചു,” ഒരു പ്രദേശവാസി പറഞ്ഞു. “പ്ലാസ്റ്റിക് ഉരുകുന്നത് പോലെ ഇത് ഉരുകുമോ എന്ന് ഞങ്ങൾ പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു.”

രണ്ട് കുട്ടികളുടെ അമ്മയായ സോമാരി മുണ്ട, ഈ അരി വിചിത്രമായി കണ്ടെത്തിയതായി കളക്ടീവിനോട് പറഞ്ഞു. “ഇത് സാധാരണ അരിയുടെ അതേ രീതിയിൽ പാചകം ചെയ്യാൻ പറ്റില്ല , കൂടാതെ അരി പാകം ചെയ്തതിന് ശേഷം അധിക വെള്ളം വറ്റിച്ചാൽ ഇവ വെള്ളത്തിന്റെ കൂടെ ഒഴുകി പോകുകയും ചെയ്യും.”

ആശയവിനിമയത്തിന്റെ അഭാവമാണ് ഇവയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ സമ്പുഷ്‌ടീകരിച്ച അരി വെള്ളത്തിൽ പൊങ്ങിക്കിടക്കും,” റിപ്പോർട്ട് പറയുന്നു. “ചന്ദൗളിയിലും സിങ്‌ഗ്രൗളിയിലും ട്രിച്ചിയിലും ഗുണഭോക്താക്കൾ അരി അരിച്ചെടുക്കുമ്പോഴോ കഴുകുമ്പോഴോ അതിലുള്ള സമ്പുഷ്‌ടീകരിച്ച അരി വലിച്ചെറിഞ്ഞു. കാരണം ഒഴുകുന്നത് പതിരാണെന്ന് അടുക്കളയിലെ പൊതു അറിവാണ്.

“ഗുണഭോക്താക്കൾ ഇതിനെക്കുറിച്ച് ബോധവാന്മാരല്ലെങ്കിൽ, പൊന്തി കിടക്കുന്ന അരി മണികൾ കഴുകി കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യാൻ അവർ അനുവദിക്കും.” ഇത് പദ്ധതിയെ “ഫലപ്രദമല്ലാ”താക്കുന്നുവെന്നു റിപ്പോർട്ട് പറയുന്നു.

കളക്റ്റീവിന്റെ പ്രതിനിധികൾ ഖുന്തി പഹാർ ടോളിയിലേക്കും ഈസ്റ്റ് സിംഗ്ബമിന്റെ കുച്ചിയശോലിയിലേക്കും നടത്തിയ യാത്രകളിൽ, വീടുകളിലും സ്‌കൂളുകളിലും ഉച്ചഭക്ഷണ പദ്ധതികൾക്ക് കീഴിൽ സ്ത്രീകൾ സാധാരണ അരിയിൽ നിന്ന് ഊർജസ്വലമായി സമ്പുഷ്‌ടീകരിച്ച അരി കേർണലുകൾ പെറുക്കി എടുക്കുന്നതായി കണ്ടെത്തി. നീതി ആയോഗ് ഉദ്യോഗസ്ഥർ അവരുടെ ഫീൽഡ് സന്ദർശനങ്ങളിൽ കണ്ടെത്തിയ കാര്യങ്ങൾക്ക് അനുസൃതമാണിത്.സമ്പുഷ്‌ടീകരിച്ച അരിയുടെ ഷെൽഫ് ആയുസ്സ് അയവുള്ളതല്ലെന്നും സാധാരണ അരി പോലെ പഴകാൻ പാടില്ലെന്നും ആളുകളോട് പറയേണ്ടിയിരുന്നു. സാധാരണ അരിയുടെ ഘടനയും സ്വാദും വലുപ്പവും മെച്ചപ്പെടുത്താൻ ഇത് ആളുകൾ പിന്തുടരുന്ന ഒരു രീതിയാണ് .
മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞതിലും കുറവായിരുന്നു “വിവരം, വിദ്യാഭ്യാസം, ആശയവിനിമയ” പ്രവർത്തനങ്ങൾ എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പൈലറ്റ് പദ്ധതിയിൽ ഓരോ ജില്ലയിലും ഇതിനായി മാത്രം രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടും ഇതായിരുന്നു അവസ്ഥ .

മൊഴിമാറ്റം- ഉഷ ശൂലപാണി

https://www.reporters-collective.in/trc/confidential-niti-aayog-report-reveals-centre-bungled-rice-fortification-pilot-projects

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular